Kerala

പ്രാദേശിക നീക്കുപോക്കുണ്ടായെന്ന് ചെന്നിത്തല, നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് മുല്ലപ്പള്ളി

തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായിട്ടും വെൽഫെയർ പാർട്ടി നീക്കുപോക്കിനെ ചൊല്ലി കോൺഗ്രസിൽ കലഹം. വെൽഫെയർ പാർട്ടിയുമായുള്ള നീക്കുപോക്ക് യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ. മുരളീധരനും പറഞ്ഞു. എന്നാൽ ഇരുവരേയും തള്ളിയായിരുന്നു കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കിന് കോണ്‍ഗ്രസ് നിർദേശം നൽകിയിട്ടില്ല. പ്രാദേശിക നീക്ക് പോക്കുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

വെൽഫെയർ പാർട്ടി – ആര്‍.എം.പി നീക്കുപോക്ക് യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും പിണറായി സർക്കാറിന്‍റെ പ്രവർത്തനങ്ങളെ ജനം വിലയിരുത്തുമെന്നും കൂട്ടിച്ചേര്‍ത്തു. എൽ.ഡി.എഫ് എക്കാലത്തും വർഗീയ കക്ഷികളെ കൂട്ടുപിടിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ജമാഅത്തെ ഇസ്‍ലാമി മതരാഷ്ട്രവാദ നിലപാട് മാറ്റിയെന്നായിരുന്നു കെ. മുരളീധരൻ എംപി പറഞ്ഞത്. മതേതര നിലപാടുകളാണ് ഇപ്പോൾ ജമാഅത്തെ ഇസ്‍ലാമി സ്വീകരിക്കുന്നത്.. വെൽഫെയർ ബന്ധം യു.ഡി.എഫിന് നേട്ടം ഉണ്ടാക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

എന്നാല്‍ യു.ഡി.എഫ് വെൽഫെയർ പാർട്ടിയുമായി നീക്കുപോക്ക് ഉണ്ടാക്കിയിട്ടില്ല. നീക്കുപോക്കിന് കോണ്‍ഗ്രസ് നിർദേശം നൽകിയിട്ടില്ല. കെ.പി.സി.സി അധ്യക്ഷനെന്ന നിലയിൽ അവസാനവാക്ക് തന്‍റേതാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. തെരഞ്ഞെടുപ്പിൽ യു.ഡി.എ.ഫിന് ശുഭാപ്തി വിശ്വാസം ഉണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.