India Kerala

തദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടം: 76.38 ശതമാനം പോളിംഗ്; കൂടുതല്‍ വയനാട്

തദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടത്തില്‍ കനത്ത പോളിംഗ്. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് 5 ജില്ലകളിലായി 76.38 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 79.39 ശതമാനം വോട്ട് രേഖപ്പെടുത്തിയ വയനാട് ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ്.

കോവിഡ് പേടിയെ കൂസാതെ വോട്ടർമാർ കൂട്ടത്തോടെ ബൂത്തുകളിലേക്ക് ഒഴുകിയതോടെ തദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തെ മറികടന്ന കുതിപ്പാണ് രണ്ടാംഘട്ട പോളിംഗിലുണ്ടായത്. ഒന്നാം ഘട്ടത്തിൽ 73.12 ശതമാനമായിരുന്നു പോളിംഗ് എങ്കിൽ രണ്ടാം ഘട്ടത്തിൽ അത് 76ന് മുകളിലേക്ക് പോയി. ഒടുവിൽ ലഭിച്ച കണക്കുകൾ പ്രകാരം എറണാകുളം 77.05, കോട്ടയം 74, പാലക്കാട് 77.87, തൃശൂർ 74.96, വയനാട് 79.39 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.

വോട്ടെടുപ്പ് ആരംഭിച്ച രാവിലെ 7 മണിക്ക് തന്നെ മിക്ക ബൂത്തുകളിലും നീണ്ട ക്യൂ രൂപപ്പെട്ടത് ഉയർന്ന പോളിംഗിന്‍റെ സൂചന നൽകിയിരുന്നു. ഉച്ചയോടെ 5 ജില്ലകളിലും പോളിംഗ് 50 ശതമാനം കവിയുകയും ചെയ്തു. വൈകീട്ട് ആറുമണി കഴിഞ്ഞും ചില പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമേർപ്പെടുത്തി. വോട്ടിംഗ് മെഷീനിൽ ചിലയിടങ്ങളിൽ തകരാർ ഉണ്ടായതൊഴിച്ചാൽ കാര്യമായ അനിഷ്ട സംഭവങ്ങളില്ലാതെയാണ് രണ്ടാംഘട്ട പോളിംഗും പൂർത്തിയായത്. കോവിഡ് പ്രൊട്ടോക്കോൾ പാലിക്കുന്നതിലും വീഴ്ച വന്നില്ല. മൂന്നാമത്തേയും അവസാനത്തെയും ഘട്ട തെരഞ്ഞെടുപ്പ് ഈ മാസം 14ന് നടക്കും. 16നാണ് വോട്ടെണ്ണൽ.

പോളിംഗിന് ശേഷം പലഭാഗങ്ങളിലും സംഘർഷങ്ങളും ഉണ്ടായിട്ടുണ്ട്. കളമശ്ശേരി നഗരസഭ എട്ടാം വാർഡിലെ ബൂത്ത് ഒന്നിൽ യുഡിഎഫ് പ്രവർത്തകരും എൽഡിഎഫ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വെൽഫെയർ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി. ഇസ്‍ലാമിക സെൻറ്ററിൽ പ്രവർത്തകരെ ഒരു മണിക്കൂർ തടഞ്ഞുവെച്ചു.

കോട്ടയം ചങ്ങനാശ്ശേരി പൂവം സ്കൂൾ വാർഡിൽ സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്നാരോപണത്തെ തുടർന്ന് വാക്കുതർക്കമുണ്ടായി. ചാവക്കാട് പുത്തൻ കടപ്പുറത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കുത്തേറ്റ പുത്തൻ കടപ്പുറം സ്വദേശി സലാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം ബേക്കർ സ്കൂളിൽ കോവിഡ് നിരീക്ഷണത്തിലുള്ളവർ വോട്ട് ചെയ്യാനെത്തിയ സ്ഥലത്ത് എൽഡിഎഫ് പ്രതിഷേധിച്ചു. ഡ്രൈവർ പി പി കിറ്റ് ധരിച്ചില്ല എന്നാരോപിച്ചായിരുന്നു പ്രതിഷേധം.