India Kerala

തരിശുകിടന്ന പാടത്ത് നൂറുമേനി കൊയ്ത് കര്‍ഷകര്‍

തരിശുകിടന്ന 250 ഏക്കര്‍ പാടശേഖരത്ത് നെല്‍കൃഷി ചെയ്ത് പൊന്നുവിളയിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ പഞ്ചായത്ത്. അടുത്ത വര്‍ഷത്തോടെ പഞ്ചായത്തിലെ മുഴുവന്‍ പാടശേഖരങ്ങളിലും നെല്‍കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം. രാസവസ്തുക്കള്‍ ചേര്‍ക്കാതെ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് കൊടുമണ്‍ റൈസ് എന്ന പേരില്‍ ചിങ്ങം ഒന്നിന് വിപണിയിലെത്തും.

കൊടുമണ്‍ പഞ്ചായത്തില്‍ ഓരോ വര്‍ഷവും നെല്‍കൃഷിയിലേക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ആറു പാടശേഖരങ്ങളിലായി 226 കര്‍ഷകരാണ് നെല്‍കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പാടശേഖര സമിതികളുടെ നേതൃത്വത്തില്‍ തരിശായി കിടന്ന 250 ഏക്കര്‍ പാടത്താണ് ഈ വര്‍ഷം പുതിയതായി നെല്‍കൃഷി തുടങ്ങിയത്.

പാടത്ത് കൃഷിയിറക്കുന്നതും വളം പ്രയോഗിക്കുന്നതും വിളവെടുക്കുന്നതുമെല്ലാം ഒരുമിച്ചാണ്. അതുകൊണ്ട് തന്നെ കുറഞ്ഞ ചിലവില്‍ കൃഷി ചെയ്ത് ലാഭം കൊയ്യുന്നു. രാസവസ്തുക്കളില്ലാതെ വിളയിക്കുന്ന നെല്ല് കൊടുമണ്‍ റൈസ് എന്ന പേരില്‍ സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റോടെ ചിങ്ങ മാസത്തോടെ വിപണികളില്‍ എത്തിക്കും. ഓയില്‍ പാം ഇന്ത്യയുടെ സഹകരണത്തോടെ ഫാര്‍മേഴ്‌സ് സൊസൈറ്റി രൂപീകരിച്ചു കഴിഞ്ഞു. ഇതിന്റെ മേല്‍നോട്ടത്തിലും കൂടിയാണ് പ്രവര്‍ത്തനങ്ങള്‍. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന വസ്തുക്കള്‍ വില്‍ക്കാനായി എക്കോ ഷോപ്പും ഒരുങ്ങുന്നുണ്ട്.