ഭാരത് ബയോടെകിന്റെ കോവാക്സിന് അടിയന്തര ഉപയോഗത്തിനായി അനുമതി തേടി. നേരത്തെ കോവിഷീല്‍ഡ് വാക്സിനായി പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഡിജിസിഐക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ബുധനാഴ്ച ഡ്രഗ് സ്റ്റാന്‍ഡേഡ്സ് കണ്ട്രോള് ഓർഗനൈസേഷന് അപേക്ഷകള്‍ പരിശോധിക്കും. അതേസമയം രാജ്യത്ത് കോവിഡ് മുക്തി നിരക്ക് 95 ശതമാനത്തിലേക്കെത്തി.
ഡിസംബർ 4ന് കോവിഡ് സാഹചര്യം ചർച്ച ചെയ്യാന്‍ ചേർന്ന സർവകക്ഷി യോഗത്തില്‍ കോവിഡ് വാക്സിന് ആഴ്ചകള്‍ക്കകം ലഭ്യമായേക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഓരോ വാക്സിനും അടിയന്തര അനുമതിക്കായി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. തദ്ദേശീയ കോവിഡ് വാക്സിനായ ഭാരത് ബയോടെകിന്റെ കോവാക്സിനും ഡ്രഗ്സ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യക്ക് അപേക്ഷ സമർപ്പിച്ചു. ഐസിഎംആറുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കോവാക്സിന് വികസിപ്പിക്കുന്നത്.
ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിനുള്ള അടിയന്തര അനുമതിക്ക് ഉല്പാദന വിതരണ കരാറുള്ള പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഡിജിസിഐക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. അമേരിക്കന്‍ കമ്പനിയായ ഫൈസറും ഇന്ത്യയില്‍ വാക്സിന് ഇറക്കുമതിക്കും വിതരണത്തിനും അനുമതി തേടിയിട്ടുണ്ട്. ബുധനാഴ്ച അപേക്ഷകള്‍ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കും.
അതേസമയം രാജ്യത്ത് 35,000നടുത്ത് കോവിഡ് കേസുകളും 500ല്‍ താഴെ മരണവുമാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. ആകെ കേസുകള്‍ 96 ലക്ഷത്തിലെത്തിയെങ്കിലും 4 ലക്ഷത്തില്‍ താഴെയാണ് ചികിത്സയില്‍ ഉള്ളവർ. രോഗബാധ രൂക്ഷമായ മഹാരാഷ്ട്രയിലും കേരളത്തിലും 3000 മുകളില്‍ പ്രതിദിന കേസുകള്‍ റിപ്പോർട്ട് ചെയ്തു. ഡല്‍ഹിയില്‍ 1674ഉം കർണാടകയില്‍ 1312ഉം ആണ് പുതിയ കേസുകള്‍.