ഇന്ത്യൻ അതിർത്തിയോട് ചേർന്ന് പടിഞ്ഞാറൻ അരുണാചൽ പ്രദേശിന് സമീപം ചൈന മൂന്നോളം ഗ്രാമങ്ങൾ നിർമിച്ചതായി റിപ്പോർട്ട്. ഇവിടങ്ങളിലേക്ക് താമസക്കാരെ എത്തിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യ, ഭൂട്ടാൻ, ചൈന അതിർത്തികൾ സംഗമിക്കുന്ന ‘മുക്കവലയുടെ’ അടുത്തുള്ള ബുംലാ ചുരത്തിന് 5 കിലോമീറ്റർ അപ്പുറം ചൈനാ മേഖലയിലാണു ഗ്രാമങ്ങൾ. ഇന്ത്യയുമായി അതിർത്തി തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ മേഖലയിൽ കൂടുതൽ മേധാവിത്വം നേടുന്നതിനാണ് ചൈനയുടെ പുതിയ നിർമിതിയെന്നാണ് വിലയിരുത്തൽ.
കിഴക്കൻ ലഡാക്കിൽ ഇന്ത്യ –ചൈന സേനകൾ തമ്മിലുള്ള സംഘർഷം രൂക്ഷമായപ്പോഴാണ് ഇവ നിർമിച്ചതെന്നു കരുതുന്നു. 2020 ഫെബ്രുവരി – നവംബർ മാസത്തിനുള്ളിലാണ് മൂന്ന് ഗ്രാമങ്ങളും ചൈന നിർമിച്ചതെന്നാണ് സൂചന. എൺപതോളം നിർമിതികളും വെള്ളം, വൈദ്യുതി, ഇന്റർനെറ്റ് സൗകര്യങ്ങളുമുണ്ടെന്നും സംശയമുണ്ട്. പലതും ചുവന്ന മേൽക്കൂരയോടു കൂടിയ വീടുകളാണ്. ഗ്രാമങ്ങളെ ബന്ധിപ്പിച്ചു ടാറിട്ട റോഡുകളുമുണ്ട്