രാജ്യത്തെ എല്ലാവര്ക്കും കോവിഡ് വാക്സിന് നിര്‍ബന്ധമാക്കില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. എന്നാല്‍ കുത്തിവെപ്പെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുമെന്നും മന്ത്രാലയം ഉന്നത പ്രതിനിധി പറഞ്ഞു.
ദേശീയ ചാനലിന് നല്കിയ അഭിമുഖത്തില്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം വാക്സിനേഷന് വിഭാഗം മേധാവി ഡോ സോഹ അല്‍ ബയാത്താണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിരോധ കുത്തിവെപ്പ് രാജ്യത്ത് ഉടന്‍ ലഭ്യമാക്കും. എന്നാല്‍ ജനങ്ങളെ നിര്‍ബന്ധിച്ച് കുത്തിവെപ്പ് എടുപ്പിക്കില്ല. താല്പര്യമുള്ളവര് മാത്രം എടുത്താല്‍ മതി. അതേസമയം കുത്തിവെപ്പിലൂടെ സ്വന്തം ശരീരത്തെയും സമൂഹത്തെയും രക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പൊതുജനത്തെ ബോധവല്‍ക്കരിക്കും.
അന്താരാഷ്ട്ര മരുന്ന് നിര്‍മാണ കമ്പനികളായ മൊഡേണ, ഫൈസര്‍ ആന്റ് ബയോ എന്‍ടെക് എന്നിവ നിലവില്‍ കോവിഡ് വാക്സിന് നിര്‍മിക്കുകയും വിജയകരമായി പരീക്ഷണം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. 90 മുതല്‍ 95 ശതമാനം വരെ ഫലപ്രാപ്തി ഈ വാക്സിനുകള്ക്കുള്ളതായി പരീക്ഷണങ്ങളില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഈ രണ്ട് കമ്പനികളുമായും ഖത്തര്‍ നേരത്തെ കരാറിലെത്തിയതാണ്. ഈ വര്‍ഷാവസാനം തന്നെ കോവിഡ് വാക്സിന് രാജ്യത്തെ മുഴുവന്‍ പേര്‍ക്കും സൌജന്യമായി ലഭ്യമാക്കുമെന്ന് നേരത്തെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.