കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന ‘ഡൽഹി ചലോ’ മാർച്ചിന് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. ട്വിറ്ററിലൂടെയാണ് താരം തൻെറ നിലപാട് വ്യക്തമാക്കിയത്. ‘കൃഷിക്കാരാണ് നമ്മുടെ ദാതാവ്. അന്നം തരുന്നവർക്ക് നമ്മൾ സമയം നൽകണം. അത് ന്യായമല്ലേ?. പൊലീസ് നടപടികളില്ലാതെ അവരെ കേൾക്കാനാകില്ലേ? കർഷകരെ ദയവായി കേൾക്കൂ’ -ഹർഭജൻ സിംഗ് ട്വിറ്ററിൽ കുറിച്ചു. സമരത്തിനിടെ കർഷകർ പൊലീസിന് കുടിവെള്ളം നൽകുന്ന ചിത്രവും ഹർഭജൻ ട്വിറ്ററില്‍ പങ്കുവെച്ചു.
നേരത്തെയും കാർഷിക ബില്ലിനെതിരെ പഞ്ചാബിൽ പൊട്ടിപ്പുറപ്പെട്ട കർഷക സമരങ്ങൾക്ക് ഹർഭജൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോവിഡ് അവസാനിച്ചതിന് ശേഷം പഞ്ചാബില്‍ പോയി കൃഷിയില്‍ സജീവമാകുമെന്നും ഹര്ഭജന് വ്യക്തമാക്കിയിരുന്നു. കർഷകരുടെ വിഷമം തനിക്കറിയാമെന്നും സന്തോഷമുള്ള രാജ്യം വേണമെങ്കിൽ സന്തോഷവാൻമാരായ കർഷകർ വേണമെന്നും ഭാജി പ്രതികരിച്ചു.