അടുത്തമാസം ദേശീയദിനവും ക്രിസ്മസും ഉൾപ്പെടെ ആഘോഷങ്ങൾ പലത് വരാനിരിക്കെ സ്വകാര്യ ചടങ്ങുകൾക്ക് വിലക്ക് ഏർപ്പെടുത്തി യു.എ.ഇ സർക്കാറിന്റെ മുന്നറിയിപ്പ്. മുൻകൂർ അനുമതിയില്ലാതെ സംഗീത കച്ചേരിയും ഓഫീസുകളിൽ ആഘോഷവും സംഘടിപ്പിക്കരുതെന്ന് ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു.
കോവിഡ് മുൻകരുതൽ പാലിക്കാതെ ഒരു ചടങ്ങും അനുവദിക്കില്ലെന്നാണ് യു.എ.ഇ ദേശീയദുരന്തനിവാരണ സമിതി വ്യക്തമാക്കുന്നത്. ഓഫീസുകളിലും തൊഴിലിടങ്ങളിലും പാർട്ടികളും ഒത്തുകൂടലും സംഘടിപ്പിക്കരുത്. ദേശീയദിനാഘോഷം പതാക നാട്ടിയും തോരണങ്ങൾ ചാർത്തിയും ചുരുങ്ങിയ നിലയിൽ മതി. സ്വകാര്യ ഇടങ്ങളിൽ പാർട്ടികളും ഒത്തുചേരലും അനുവദിച്ചിട്ടില്ല.
മുൻകൂർ അനുമതിയോടെ പൊതുപരിപാടികളിൽ മുഴുവൻ കോവിഡ് നിയന്ത്രണങ്ങളും പാലിച്ചിരിക്കണം. രോഗലക്ഷണമുള്ളവരെ ഐസൊലേറ്റ് ചെയ്യാൻ സൗകര്യം വേണം. ആളുകൾക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും പ്രത്യേക വഴികളുണ്ടാവണം. മാസ്കും, ദേഹോഷ്മാവ് പരിശോധനയും നിർബന്ധമാണ്. പൊതുപരിപാടികൾക്ക് നാല് മണിക്കൂറിൽ കൂടുതൽ ദൈർഘ്യം പാടില്ല. പൊതുപരിപാടികളുടെ വേദികൾ ഓരോ മണിക്കൂറിലും അണുവിമുക്തമാക്കണം. പരിപാടികൾ പരമാവധി ഓൺലൈൻ വഴിയാക്കാനും സമിതി നിർദേശിച്ചു.