ഇറാനിൽ ആക്രമണം നടത്താൻ മുന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ. ജോ ബൈഡന് അധികാരം കൈമാറും മുൻപ് ഇറാന്റെ ആണവ കേന്ദ്രത്തിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി. എന്നാൽ അവസാന നിമിഷം നാടകീയമായി തീരുമാനം പിൻവലിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് വിധി ഇതുവരെ അംഗീകരിച്ചിട്ടില്ല ഡോണൾഡ് ട്രംപ്. ഈ സാഹചര്യത്തിൽ രാജ്യത്ത് ഒരു അനുകൂല തരംഗമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. അതുവഴി ബൈഡന്റ് വിദേശനയങ്ങളെ അട്ടിമറിക്കുകയും. ഓവൽ ഓഫീസിൽ നടന്ന യോഗത്തിൽ ഇറാനിൽ ആക്രമണം നടത്തുന്നതിനുള്ള സാധ്യതകൾ ട്രംപ് അന്വേഷിച്ചു. വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ തുടങ്ങിയവരുമായി ഇക്കാര്യം ചർച്ച ചെയ്തു. ആക്രമണത്തിന് ഏതൊക്കെ മാർഗങ്ങൾ സ്വീകരിക്കാം എന്ന നിർദേശം വരെ ട്രംപ് നൽകി. എന്നാൽ ആക്രമണം വേണ്ട എന്ന മറുപടിയാണ് ഉപദേഷ്ടാക്കൾ നൽകിയത്. ആക്രമണം നടത്തിയാൽ അത് വലിയ ഏറ്റുമുട്ടലിൽ കലാശിക്കുമെന്നും കൂടുതൽ പ്രശ്നങ്ങളുണ്ടാകുമെന്നും അവർ പറഞ്ഞു. ഇതോടെ നീക്കം ഉപേക്ഷിക്കാൻ ട്രംപ് തീരുമാനിച്ചു.
ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം വൈറ്റ്ഹൗസ് വൃത്തങ്ങളോ ഡോണൾഡ് ട്രംപോ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ താൻ ജയിച്ചെന്ന് വീണ്ടും ട്വീറ്റ് ചെയ്തിരിക്കുകയാണ് ട്രംപ്. പക്ഷേ ട്വീറ്റ് വാസ്തവ വിരുദ്ധമെന്ന് ട്വിറ്റർ തന്നെ വ്യക്തമാക്കി. ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന ഫലം വ്യത്യസ്തമാണെന്ന് ട്രംപിന്റെ അവകാശവാദത്തിന് താഴെ ട്വിറ്റർ വിശദീകരിച്ചു.