ദീപാവലിക്ക് മുന്നോടിയായി പടക്കം വിൽക്കാനും ഉപയോഗിക്കാനും 13 നഗരത്തിൽ വിലക്കേർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. നവംബർ 9 അർധരാത്രി മുതൽ നവംബർ 30 അർധരാത്രി വരെയാണ് വിലക്ക്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദ്ദേശമനുസരിച്ചാണ് ഉത്തരവ്. എന്നാൽ, അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ട ജില്ലകളിൽ മാത്രം പടക്കം വിൽക്കാൻ അനുവാദമുണ്ട്.
മുസാഫിർ നഗർ, ആഗ്ര, വരാണസി, മീററ്റ്, ഹാപൂർ, ഗാസിയബാദ്, കാൺപൂർ, ലഖ്‌നൗ, മൊറാദാബാദ്, നോയിഡ, ഗ്രേറ്റർ നോയിഡ, ബാഗ്പത്, ബുലന്ദ്ഷഹർ എന്നീ നഗരങ്ങളിലാണ് നിരോധനം. ഉത്തരവ് പിന്നീട് അവലോകനം ചെയ്യുമെന്നും സർക്കാർ അറിയിച്ചു.
അതേസമയം, ഉത്തരവുകൾ നടപ്പിലാക്കാൻ നഗരത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുള്ളതായി ലക്‌നൗ പോലീസ് കമ്മീഷണർ അറിയിച്ചു. ഉത്തരവ് ലംഘിച്ച് പടക്കം വിൽക്കുന്ന കടകൾ അടച്ചു പൂട്ടണമെന്നും ഇങ്ങനെയുള്ള കടകൾ കണ്ടുകെട്ടണമെന്നും നിർദേശത്തിലുണ്ട്.