സൗദിയില്‍ പന്ത്രണ്ട് ലക്ഷത്തോളം ജീവനക്കാര്‍ക്ക് പ്രതിമാസ ശമ്പളം വൈകിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയം. അടുത്ത മാസം മുതല്‍ സമ്പൂര്‍ണ്ണ വേതന സുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ മുന്നോടിയായാണ് മന്ത്രാലയം കണക്കുകള്‍ പുറത്ത് വിട്ടത്. അടുത്തിടെ പ്രഖ്യാപിച്ച സ്പോണ്‍സര്‍ഷിപ്പ് നിറുത്തലാക്കല് നിയമം രാജ്യത്തെ തൊഴില്‍ വിപണിക്ക് ഉണര്‍വ്വും സുതാര്യതയും കൈവരുത്തുമെന്നും മന്ത്രാലയം വിശദീകരിച്ചു.മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയമാണ് കണക്കുകള്‍ പുറത്ത് വിട്ടത്.
നിലവില്‍ 1221,326 പേര്‍ക്ക് പ്രതിമാസ ശമ്പളം വൈകിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അതുപോലെ തൊഴിലാളിയും തൊഴലുടമയും തമ്മിലുള്ള കേസുകളിലും വലിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മത്രമല്ല തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ ആനുപാതത്തില്‍ ഇടിവ് നേരിട്ടതായും മന്ത്രാലയം വിശദീകരിച്ചു. വിദേശ തൊഴിലാളികളുടെ എണ്ണം ക്രമാനുഗതമായി വര്‍ധിച്ചതോടെ വിദേശികള്‍ 79 ശതമാനവും സ്വദേശികള്‍ 21 ശതമാനവുമായി ചുരുങ്ങി.
തൊഴില്‍ മന്ത്രാലയം പുതുതായി പ്രഖ്യാപിച്ച ലേബര്‍ റിഫോം ഇനീഷ്യേറ്റീവ് എല്‍.ആര്.ഐ തൊഴില്‍ വിപണിക്ക് കരുത്ത് പകരുന്നതിനും സുതാര്യതയും മല്‍സര ശേഷിയും വര്‍ധിപ്പിക്കുന്നതിനും സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഡിസംബര്‍ മുതല്‍ നടപ്പിലാകുന്ന സമ്പൂര്‍ണ്ണ വേതന സുരക്ഷാ നിയമം തൊഴിലാളികള്‍ക്ക് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രാലയം കൂട്ടിചേര്‍ത്തു.