ഓസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന ടീമിലും ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസൺ. നേരത്തെ ടി20യിൽ വിക്കറ്റ് കീപ്പർ ആയാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നത്.
ആദ്യം പ്രഖ്യാപിച്ച സ്ക്വാഡിൽ നിന്ന് വലിയ മാറ്റങ്ങളാണ് നിലവിൽ വരുത്തിയിരിക്കുന്നത്. പരിക്കിന്റെ പേരിൽ ടീമിൽ ഉൾപ്പെടുത്താതിരുന്ന രോഹിത് ശർമയെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഹിതിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. അവസാന മൂന്നു ടെസ്റ്റുകൾക്കുള്ള ടീമിൽ നിന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും ഒഴിവാക്കിയിട്ടുണ്ട് . അഡ്‌ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റിനു ശേഷം നാട്ടിലേക്ക് മടങ്ങുമെന്ന് കോഹ്ലി സിലക്ഷൻ കമ്മിറ്റിയെ അറിയിച്ചിരുന്ന പശ്ചാത്തലാത്തിലാണ് നായകന് അവധി നൽകിയത്.
പരുക്കേറ്റ തമിഴ്നാട് സ്പിന്നർ വരുൺ ചക്രവർത്തിയെ ട്വന്റി20 ടീമിൽനിന്ന് ഒഴിവാക്കി. ഐ.പി.എലിലെ മികച്ച പ്രകടനം കണക്കിലെടുത്തായിരുന്നു വരുണിനെ ആദ്യം ടീമിനൊപ്പം പ്രഖ്യാപിച്ചത്. എന്നാൽ തോളെല്ലിനേറ്റ പരിക്ക് മൂലം വരുണിനെ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. പകരം തമിഴ്നാട്ടിൽനിന്നു തന്നെയുള്ള പേസ് ബോളർ ടി. നടരാജനെ ട്വന്റി20 ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൂന്ന് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്.