International

സംപ്രേക്ഷണം നിർത്തിയും ട്രംപിനെ തിരുത്തിയും ചാനലുകൾ

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ട്രംപ് നടത്തിയ ആദ്യ വാർത്താസമ്മേളനം പാതിവഴിയിൽ ഉപേക്ഷിച്ച് അമേരിക്കൻ വാർത്ത ചാനലുകൾ. തെരഞ്ഞെടുപ്പിൽ തന്റെ വിജയം അട്ടിമറിക്കാൻ ഡെമോക്രറ്റുകൾ ശ്രമിക്കുന്നുവെന്നും മാധ്യമങ്ങൾ അതിന് കൂട്ടുനിൽക്കുന്നുവെന്നുമായിരുന്നു ട്രംപിന്റെ പ്രധാന ആരോപണം. ഡെമോക്രറ്റുകൾ നിയമവിരുദ്ധമായി വ്യാജ വോട്ടുകൾ രേഖപ്പെടുത്തുകയാണെന്നും വോട്ടെണ്ണലിൽ തിരിമറി നടത്തുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു .എന്നാൽ, പതിവ് പോലെ പ്രസിഡന്റ് വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറയുകയാണെന്ന് കണ്ട മാധ്യമങ്ങൾ ഇത്തവണ ട്രംപിനെ കൈവിട്ടു.

എം.എസ്.എൻ.ബി.സി, എബിസി, എൻബിസി തുടങ്ങിയ ചാനലുകളാണ് ലൈവ് സംപ്രേക്ഷണം ഇടക്ക് വെച്ച് നിർത്തിയത്. ഞങ്ങൾ പ്രസിഡന്റിന്റെ വാർത്തസമ്മേളനം തടസ്സപ്പെടുത്തുക മാത്രമല്ല, അദ്ദേഹത്തെ തിരുത്തുക കൂടിയാണ് ചെയ്യുന്നത് എന്ന്, എം.എസ്.എൻ.ബി.സി അവതാരകൻ ബ്രെയിൻ വില്യംസ് ലൈവ് സംപ്രേക്ഷണം നിർത്തിവെച്ച ശേഷം പ്രതികരിച്ചു.

സി.എൻ.എൻ ലൈവ് തുടർന്നുവെങ്കിലും, വിയോജിപ്പ് രേഖപ്പെടുത്തി. “എത്ര സങ്കടകരമായ രാത്രിയാണിന്ന്. യാതൊരു തെളിവുകളുമില്ലാതെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് മറ്റുള്ളവർക്കെതിരെ ആരോപണങ്ങൾ ഉയർത്തുന്നത്. വാസ്തവവിരുദ്ധമായ ആരോപണങ്ങൾ കൊണ്ടാണ് അദ്ദേഹം ജനാധിപത്യത്തെ ആക്രമിക്കുന്നത്. കള്ളങ്ങൾ ആവർത്തിക്കപ്പെടുകയാണ്” സി.എൻ.എൻ അവതാരകൻ ജെയ്ക് ടാപ്പർ ട്വിറ്ററിൽ കുറിച്ചു.