റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അർണബ് ഗോസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തതിനെതിരെ നടി കങ്കണ റണാവത്ത്. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലാണ് കങ്കണയുടെ പ്രതികരണം. കങ്കണയെക്കൂടാതെ കേന്ദ്രമന്ത്രിമാരുള്‍പ്പെടെ ഒരുപാട് പ്രമുഖര്‍ രംഗത്ത് വന്നിരുന്നു.
”ഞാൻ മഹാരാഷ്ട്ര സർക്കാരിനോട് ചോദിക്കുകയാണ്. നിങ്ങൾ ഇന്ന് അർണബ് ഗോസ്വാമിയുടെ വീടിനകത്തുകയറുകയും മര്‍ദ്ദിക്കുകയും ചെയ്തു. നിങ്ങൾ ഇനിയും എത്ര വീടുകൾ തകർക്കും? നിങ്ങൾ എത്രപേരെ ശ്വാസം മുട്ടിക്കും. എത്ര പേരുടെ മുടി നിങ്ങൾ പിടിച്ചുവലിക്കും. എത്ര ശബ്ദങ്ങൾ നിങ്ങൾ നിശബ്ദമാക്കും? പക്ഷെ നിങ്ങൾ എത്ര വായ അടപ്പിച്ചാലും ഈ ശബ്ദങ്ങൾ വർധിച്ചുകൊണ്ടിരിക്കും” കങ്കണ പറഞ്ഞു.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് മുംബൈ പൊലീസ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. പൊലീസ് തന്നെ മര്‍ദിച്ചെന്ന് അര്‍ണബ് പറഞ്ഞു. 2018ല്‍ അന്‍വായ് നായിക്ക് എന്ന ഇന്റീരിയര്‍ ഡിസൈനറും അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. റിപബ്ലിക് ടിവി, ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവര്‍ തനിക്ക് തരാനുള്ള പണം നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന അന്‍വായ് നായികിന്റെ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.