ഇന്ത്യ – യു.എ.ഇ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി രൂപവത്കരിച്ച ജോയിന്റ് ടാസ്ക് ഫോഴ്‌സിന്റെ എട്ടാമത് യോഗം നടന്നു. വെർച്വൽ ഫോർമാറ്റിൽ സംഘടിപ്പിച്ച യോഗത്തിൽ ഇന്ത്യ ആതിഥേയത്വം വഹിച്ചു. ഇന്ത്യൻ റെയിൽവേ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ, അബുദാബി എമിറേറ്റ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ശൈഖ് ഹമീദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ഇരു രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘത്തിന് നേതൃത്വം നൽകി.
ലോകത്ത് കോവിഡ് വെല്ലുവിളി തീർത്ത സമീപകാല സാഹചര്യത്തില്‍ സാമ്പത്തിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പരസ്പര താൽപര്യമുള്ള മേഖലകളിൽ നിക്ഷേപവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിന് വലിയ പ്രാധാന്യമുണ്ടെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചു. ഇതിനായി വിവിധ മേഖലകളെയും പരസ്പര താൽപര്യമുള്ള വിഷയങ്ങളെയും കുറിച്ചും യോഗത്തിൽ ചർച്ച നടന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന് തടസ്സങ്ങളാകുന്ന ഡംപിംഗ് വിരുദ്ധ തീരുവകളും നടപടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും താരിഫ്, റെഗുലേറ്ററി നിയന്ത്രണങ്ങളും യോഗം വിശകലനം ചെയ്തു. രണ്ട് ഡംപിംഗ് വിരുദ്ധ മേഖലകളിൽ ശ്രമങ്ങളെ ഏകോപിപ്പിക്കാനും പരസ്പര സഹകരണം പ്രോത്സാഹിപ്പിക്കാനും ഈ പ്രശ്നങ്ങൾ ഉടനടി പരിഗണിക്കാനും യോഗത്തിൽ ധാരണയായി. പ്രധാനമായും നിക്ഷേപം സുഗമമാക്കുന്നതിനായി കൂടുതൽ അവസരങ്ങൾ കണ്ടത്തേണ്ടതിന്‍റെ ആവശ്യകതയും യോഗം വിലയിരുത്തി.