രാഷ്ട്രീയ നേട്ടത്തിനായി ‘ബി.ജെ.പി ലൈറ്റ്’ ആയി കോണ്‍ഗ്രസ് പാര്‍ട്ടി മാറാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമാണെന്ന് എം.പി ശശി തരൂര്‍. ‘ലൈറ്റ് ബി.ജെ.പി’ എന്നാല്‍ ‘കോണ്‍ഗ്രസ് സീറോ’ ആണെന്ന് ശശി തരൂര്‍ പറഞ്ഞു. തന്റെ പുതിയ പുസ്തകമായ ‘ദ ബാറ്റില്‍ ഓഫ് ബിലോങി’ങ്ങിനെ കുറിച്ചുള്ള അഭിമുഖത്തില്‍ പി.ടി.ഐയോട് സംസാരിക്കുകയായിരുന്നു തരൂര്‍.
മതേതരത്വം എന്നാല്‍ കേവലം ഒരു വാക്കാണ്. അധികാരത്തില്‍ വരുന്ന ഏതെങ്കിലും സര്‍ക്കാരിന് ആ വാക്ക് എടുത്ത് മാറ്റാനെ സാധിക്കൂ. മതേതരത്വം എന്ന വാക്ക് എടുത്ത് മാറ്റിയതുകൊണ്ട് ഭരണഘടനയുടെ അടിസ്ഥാനമായ മതേതരത്വ മൂല്യങ്ങള്‍ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വത്തെ കുറിച്ചുള്ള ചോദ്യത്തിന്, അത്തരം രാഷ്ട്രീയം കോണ്‍ഗ്രസിനെ എവിടെയും കൊണ്ടെത്തിക്കില്ലെന്നാണ് എം.പി പറഞ്ഞത്. പല പുരോഗമന ചിന്താഗതിക്കാര്‍ക്കുമുള്ള ആശങ്കയാണ് കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ രാഷ്ട്രീയം. എന്നാല്‍ രൂപത്തിലോ ഘടനയിലോ കോണ്‍ഗ്രസിന് ബി.ജെ.പിയായി മാറാന്‍ സാധിക്കില്ല. ചുരുങ്ങിയപക്ഷം കോണ്‍ഗ്രസിനുള്ളിലെ ഞങ്ങളെ പോലുള്ളവര്‍ക്ക് ലൈറ്റ് ബി.ജെ.പിയായി മാറാന്‍ കഴിയില്ലെന്ന് ഉറപ്പുള്ള കാര്യമാണെന്നും തരൂര്‍ പറഞ്ഞു.
ഉള്‍കൊള്ളലിനെ കുറിച്ച് പഠിപ്പിക്കുന്ന ഹിന്ദു മതവും പുറംതള്ളലിനെ കുറിച്ച് പറയുന്ന ഹിന്ദുത്വയും തമ്മില്‍ വലിയ അന്തരമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.