Kerala

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും തെരുവില്‍, രാജി വേണ്ടെന്ന് സിപിഎം

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്‍റെ മൊഴിയില്‍ ആശങ്കയില്ലെന്ന് സിപിഎം. സ്വര്‍ണക്കടത്ത് കേസിലെ സത്യാവസ്ഥ അന്വേഷണത്തിലൂടെ പുറത്ത് വരട്ടെയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി രാജിവെയ്ക്കേണ്ട സാഹചര്യം ഇല്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും തെരുവിലിറങ്ങി. യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൌസിലേക്ക് മാര്‍ച്ച് നടത്തി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സെക്രട്ടേറിയേറ്റിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. സെക്രട്ടേറിയേറ്റിലേക്ക് ചാടിക്കടന്ന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും ഇരുമ്പഴി എണ്ണേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.