India National

ഇന്ത്യയുടെ വ്യോമാക്രമണങ്ങള്‍ക്ക് ലോകരാജ്യങ്ങളുടെ പിന്തുണ

പാക് ഭീകരതാവളങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് വിവിധ ലോകരാജ്യങ്ങള്‍ പിന്തുണ അറിയിച്ചു. ഭീകര സംഘടനകള്‍ക്കെതിരെ പാകിസ്താന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. പാകിസ്താനുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നായിരുന്നു ചൈനയുടെ പ്രതികരണം. പാകിസ്താനിലെ ജയ്ഷെ ഇ മുഹമ്മദ് ഭീകരതാവളങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതില്‍ പ്രതികരണവുമായി ലോക രാജ്യങ്ങളും രംഗത്തെത്തി.

നയതന്ത്രത ചര്‍ച്ചകളിയൂടെ ഇരു രാജ്യങ്ങളും സംഘര്‍ഷത്തിന് പരിഹാരം കണ്ടെത്തണമെന്ന് ബ്രിട്ടണ്‍ ആവശ്യപ്പെട്ടു. വിദേശ കാര്യ മന്ത്രി സുഷമ സ്വരാജുമായും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖൂറൈശിയേയും ബ്രീട്ടീഷ് വിദേശകാര്യ സെക്രട്ടറി ഫോണില്‍ വിളിച്ച് സംസാരിച്ചു. ഇന്ത്യാ- പാക് ബന്ധം വഷളാകുന്നതില്‍ ആസ്ത്രേലിയ ആശങ്ക രേഖപ്പെടുത്തി.

ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍ വക്താവ് മജ കൊസിജാന്‍കിക് പറഞ്ഞു. ഭീകരര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നത് വരെ പാകിസ്താന് അമേരിക്ക സഹായം നല്‍കില്ലെന്ന് മുന്‍ അംബാസിഡര്‍ നിക്കി ഹാലെയും അറിയിച്ചു . ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കണമെന്നും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ചൈന വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാങ് പറഞ്ഞു . ഭീകരം വാദം ചെറുക്കാന്‍ എല്ലാം സഹായങ്ങളും ചെയ്യുമെന്ന് ഫ്രാന്‍സും വ്യക്തമാക്കി.