കൊറോണയ്ക്കെതിരായ പ്രതിരോധ വാക്സിന് എപ്പോള്‍ പൂര്‍ണമായി സജ്ജമാകുന്നുവോ, അപ്പോള്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അത് സൌജന്യമായി ലഭിക്കാന്‍ അവകാശമുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത് ജയിപ്പിച്ചാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വാക്സിന് സൌജന്യമായി നല്‍കുമെന്ന പാര്‍ട്ടിയുടെ പ്രകടനപത്രികയോടുള്ള പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യമെങ്ങുമുള്ള ജനങ്ങള്‍ക്ക് വാക്സിന് സൌജന്യമായി ലഭിക്കണം, അത് രാജ്യത്തെ ജനങ്ങളുടെ അവകാശമാണ്- കെജ്രിവാള് പറഞ്ഞു. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കിനെയും സീലാംപൂരിനെ ബന്ധിപ്പിച്ചുകൊണ്ടുള്ള മേല്‍പ്പാലം ഉദ്ഘാടനം ചെയ്യവേ ആയിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രതികരണം. ബി.ജെ.പിക്ക് വോട്ട് ചെയ്യാത്ത ഇന്ത്യക്കാര്‍ക്ക് സൗജന്യമായി കോവിഡ് വാക്സിന് ലഭിക്കില്ലേ എന്നും നേരത്തെ കെജ്രിവാള് ചോദിച്ചിരുന്നു.
തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബീഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി കോവിഡ് വാക്സിന് ലഭ്യമാക്കുമെന്നായിരുന്നു ബി.ജെ.പി അവതരിപ്പിച്ച പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന് ആയിരുന്നു പ്രകടന പത്രിക പുറത്തിറക്കിയത്. വലിയ തോതിൽ വാക്സിൻ ഉൽപാദിപ്പിക്കുകയാണെന്നും എത്രയും പെട്ടെന്ന് തന്നെ ബീഹാറിലെ എല്ലാവർക്കും സൗജന്യമായി ലഭിക്കുമെന്നും ഇത് ഞങ്ങളുടെ പ്രകടനപത്രികയിലെ ഒന്നാമത്തെ വാഗ്ദാനമാണെന്നുമാണ് നിർമലാ സീതാരാമൻ പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് പറഞ്ഞത്. ഇതോടെ പ്രതിപക്ഷ പാർട്ടികള്‍ ഒന്നാകെ രംഗത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയയും ഇത് ഏറ്റെടുത്തിരുന്നു.