കേന്ദ്രമന്ത്രി വി മുരളീധരന് പ്രോട്ടോകോള്‍ ലംഘിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. യുഎഇ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി
കേന്ദ്രമന്ത്രി വി മുരളീധരന് പ്രോട്ടോകോള്‍ ലംഘിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. യുഎഇ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് പരാതികളിൽ ഉന്നയിക്കപ്പെട്ടതെന്ന് വിദേശകാര്യമന്ത്രാലയം പറയുന്നു. ആരോപണത്തിൽ സലിം മടവൂരിന്റെ അടക്കം എല്ലാ പരാതികളും മന്ത്രാലയം തള്ളി.
2019 നവംബറില്‍ യുഎഇയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന് മന്ത്രി തല സമ്മേളനത്തില്‍ നയതന്ത്ര സംഘത്തോടൊപ്പം പി.ആര് പ്രതിനിധിയായ സ്മിത മോനോന് പങ്കെടുത്തതാണ് വിവാദമായത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് പ്രോട്ടോകോള്‍ ലംഘിച്ചാണ് സ്മിത മോനോനെ ഔദ്യോഗിക സംഘത്തിനൊപ്പം കൂട്ടിയതെന്ന് കാട്ടി ലോക് താന്ത്രിക് ജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ പ്രധാനമന്ത്രിക്ക് പരാതി നല്കി. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അടക്കമുള്ളവരില്‍ നിന്ന് റിപോര്‍ട്ടും തേടിയിരുന്നു.
തുടര്‍ന്ന് പരാതി വിശദമായി പരിശോധിക്കാന്‍ അബൂദാബിയിലെ ഇന്ത്യന്‍ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറെ ചുമതലപ്പെടുത്തി. യാതൊരു പ്രോട്ടോകോള്‍ ലംഘനവും നടന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു വെല്‍ഫെയര്‍ ഓഫീസര്‍ പൂജ വി വെര്നേക്കറുടെ റിപോര്‍ട്ട്. ഇതോടെ വി മുരളീധരന് പ്രധാനമന്ത്രിയുടെ ഓഫീസ് ക്ലീന്‍ ചിറ്റ് നല്കി പരാതി തീര്‍പ്പാക്കി. വിദേശകാര്യമന്ത്രാലയത്തിന് തന്നെ കീഴിലുള്ള എംബസിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പരാതി തീര്‍പ്പാക്കിയ നടപടി ശരിയായില്ലെന്ന ആക്ഷേപം ഉയര്‍ത്തി പരാതിക്കാരനും രംഗത്ത് വന്നു. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് പരാതി നല്‍കുമെന്ന് സലീം മടവൂര്‍ അറിയിച്ചു.