India National

പഞ്ചാബില്‍ കര്‍ഷകരോഷം അണപൊട്ടുന്നത് മോദിക്കെതിരെ; ബിജെപി പ്രതിസന്ധിയില്‍

ശിരോമണി അകാലിദള്‍ സഖ്യം വിട്ടതോടെ നരേന്ദ്ര മോദിയെ മുന്നില്‍ നിര്‍ത്തി പഞ്ചാബില്‍ സ്വാധീനമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. പുതിയ കര്‍ഷകനിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ കര്‍ഷകരോഷം അണപൊട്ടുന്നത് മോദിക്കെതിരായാണ്.

മോദിക്കും കോര്‍പറേറ്റ് ഭീമന്മാര്‍ക്കും എതിരെയാണ് പഞ്ചാബിലെ പ്രതിഷേധങ്ങളിലെ പ്രധാന മുദ്രാവാക്യം. കഴിഞ്ഞ ദിവസം പലയിടങ്ങളിലും കര്‍ഷകര്‍ മോദിയുടെ കോലം കത്തിച്ചു. ബിജെപി നേതാക്കളുടെ വീട് ഘരാവോ ചെയ്തു. പുതിയ കാര്‍ഷിക നിയമം കര്‍ഷകരെ ദ്രോഹിക്കുന്നതാണെന്ന് പറഞ്ഞ് ശിരോമണി അകാലിദള്‍ സഖ്യം വിട്ടതോടെ ബിജെപിയും മോദിയും കനത്ത ജനരോഷമാണ് പഞ്ചാബില്‍ നേരിടുന്നത്.

ഇതോടൊപ്പം മുഖ്യമന്ത്രി അമരിന്ദര്‍ സിങിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നു. മുഖ്യമന്ത്രി നേരിട്ട് തന്നെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരം നയിച്ചു. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് ഉള്‍പ്പെടെ നടത്തുകയുണ്ടായി.

പുതിയ കര്‍ഷക നിയമത്തെ ചൊല്ലി ബിജെപിക്കുള്ളില്‍ നിന്ന് തന്നെ മോദിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ നേതാക്കളും ചില കൌണ്‍സിലര്‍മാരും പാര്‍ട്ടി വിട്ടു.

പഞ്ചാബില്‍ കര്‍ഷകരോഷം അണപൊട്ടുന്നത് മോദിക്കെതിരെ; ബിജെപി പ്രതിസന്ധിയില്‍

കര്‍ഷകരുടെ പ്രശ്നങ്ങള്‍ താന്‍ പാര്‍ട്ടി വേദികളില്‍ ഉന്നയിക്കുമ്പോള്‍ നേതാക്കള്‍ തനിക്ക് നേരെ ആക്രോശിക്കുകയാണുണ്ടായതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന മല്‍വിനന്ദര്‍ സിങ് പറഞ്ഞു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുടെയും കേന്ദ്രമന്ത്രിയുടെയും സാന്നിധ്യത്തില്‍ വരെ ഇത്തരം ആക്രോശം നേരിടേണ്ടിവന്നു. കര്‍ഷകരെ മറ്റുള്ളവര്‍ അവരുടെ താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നായിരുന്നു നേതാക്കളുടെ മറുപടി. പാകിസ്താന്‍റെ ഭാഷയാണ് താന്‍ സംസാരിക്കുന്നത് എന്നുവരെ ഒരു നേതാവ് ആക്ഷേപിച്ചു. പഞ്ചാബിലെ ബിജെപി, സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നില്ല. മോദി എപ്പോഴും ശരിയാണെന്നാണ് അവര്‍ പറയുന്നതെന്നും മല്‍വിന്ദര്‍ തുറന്നുപറയുകയുണ്ടായി.

“ഞാന്‍ കര്‍ഷകര്‍ക്കൊപ്പമാണ്. പുതിയ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കൊപ്പമാണ് ഞാന്‍. പാര്‍ട്ടി അച്ചടക്കത്തിന് കീഴില്‍ എനിക്കതിന് കഴിയില്ല. അതിനാല്‍ ബിജെപിയില്‍ നിന്ന് രാജിവെക്കുകയാണ്”- മല്‍വിന്ദര്‍ വ്യക്തമാക്കി.