മികച്ച വസ്ത്രാലങ്കാരത്തിലൂടെ ഇന്ത്യന്‍ സിനിമയിലേക്ക് ആദ്യ ഓസ്കര് പുരസ്കാരം കൊണ്ടുവന്ന കോസ്റ്റ്യൂം ഡിസൈനര്‍ ഭാനു അത്തയ്യ അന്തരിച്ചു. 91 വയസായിരുന്നു. ദക്ഷിണ മുംബൈയിലെ വസതിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി എന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരത്തിനാണ് ഭാനുവിന് പുരസ്കാരം ലഭിച്ചത്. ഇതു കൂടാതെ രണ്ടു തവണ നാഷണൽ ഫിലിം അക്കാദമി അവാർഡും ഫിലിം ഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ഭാനു അതയ്യ നേടിയിട്ടുണ്ട്. സത്യേന്ദ്ര അതയ്യയെ വിവാഹം കഴിച്ചതോടെയാണ് ഭാനു അതയ്യ എന്ന് പേര് മാറ്റിയത്. ഇരുവരും പിന്നീട് വേര്‍പിരിഞ്ഞിരുന്നു.
1956 മുതലാണ് ഇവർ സിനിമകളിൽ വസ്ത്രാലങ്കാരം ചെയ്തു തുടങ്ങിയത്. സിഐഡി ആയിരുന്നു ആദ്യ സിനിമ. ആറു പതിറ്റാണ്ടോളം സിനിമമേഖലയിൽ പ്രവർത്തിച്ച ഇവർ നൂറിലധികം സിനിമകൾക്ക് വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. 2012 ഇൽ തനിക്ക് ലഭിച്ച ഓസ്കാർ പുരസ്കാരം അത് നൽകിയ അമേരിക്കൻ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്ട് ആൻഡ് സയൻസസിനു മടക്കി നൽകാൻ താത്പര്യം പ്രകടിപ്പിച്ചു. തന്റെ കാലശേഷം ഈ ട്രോഫി സൂക്ഷിക്കാൻ കുടുംബത്തിനോ സർക്കാരിനോ സാധിച്ചേക്കില്ല എന്ന ചിന്തയാണ് ഈ വിലപ്പെട്ട പുരസ്കാരം തിരികെ നൽകാൻ ഇവരെ പ്രേരിപ്പിച്ചത്. 1982 ഇൽ ഭാനുവിന് ഓസ്കാർ ലഭിച്ചത്.