ഈ വർഷത്തെ വയലാർ അവാർഡ് പ്രഖ്യാപിച്ചു. ഏഴാച്ചേരി രാമചന്ദ്രന്‍റെ ‘ഒരു വെർജീനിയൻ വെയിൽ കാലം’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്ക്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഡോ. കെ.പി മോഹനന്‍, ഡോ. എന്‍. മുകുന്ദന്‍, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. 41 കവിതകളുടെ സമാഹാരമാണ് ഒരു വെർജീനിയന്‍ വെയിൽകാലം. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരനാണ് വാർത്താ സമ്മേളനത്തില്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. ഈ മാസം 27 ന് ഗവർണ്ണർ പുരസ്കാരം സമർപ്പിക്കും.
അതെ സമയം വയലാറിൻ്റെ പേരിലെ അവാർഡ് വ്രതശുദ്ധിയുള്ളതാണെന്ന് അവാർഡ് ജേതാവ് ഏഴാച്ചേരി രാമചന്ദ്രൻ പ്രതികരിച്ചു. കേരളത്തിൻ്റെ ജ്ഞാനപീഠമാണ് വയലാർ അവാർഡെന്നും അത് ലഭിച്ചതിൽ നിറഞ്ഞ സന്തോഷമുണ്ടെന്നും ഏഴാച്ചേരി മീഡിയ വണിനോട് പറഞ്ഞു.
കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഗ്രാമത്തില്‍ ജനിച്ച ഏഴാച്ചേരി രാമചന്ദ്രന്‍ പ്രൊഫഷണല്‍ നാടക ഗാനരചനക്ക് മൂന്നു തവണ സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ് ഉള്‍പ്പെടെ വിവിധ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുപ്പതിലധികം ചലച്ചിത്രഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ആര്‍ദ്രസമുദ്രം, ബന്ധുരാംഗീപുരം, നീലി, കയ്യൂര്‍, എന്നിലൂടെ എന്നിവയാണ് പ്രധാന കവിതകള്‍. ഉയരും ഞാന്‍ നാടാകെ, കാറ്റുചിക്കിയ തെളിമണലില്‍ (ഓര്‍മ്മപ്പുസ്തകം) എന്നിവയാണ് മറ്റു കൃതികള്‍.
ഏഴാച്ചേരിക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം
മനുഷ്യൻ്റെ അവസ്ഥയെക്കുറിച്ച് എന്നും ഉത്ക്കണ്ഠപ്പെട്ടിട്ടുള്ള കവിയാണ് ഏഴാച്ചേരി രാമചന്ദ്രനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആവശ്യമുള്ള സന്ദർഭങ്ങളിലെല്ലാം മനുഷ്യനെ വർഗ പക്ഷപാതിത്വത്തോടെ കണ്ട കവിയാണ് അദ്ദേഹം. ജനതയാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന ഉറച്ച വിശ്വാസം ഏഴാച്ചേരിയുടെ കവിതകളിൽ പ്രതിഫലിക്കുന്നുണ്ട്.
“ഒരു വെർജീനിയൻ വെയിൽക്കാലം ” എന്ന ഏഴാച്ചേരിയുടെ കവിതാസമാഹാരത്തിന് ഈ വർഷത്തെ വയലാർ പുരസ്കാരം ലഭിച്ചത് സന്തോഷകരമാണ്. അദ്ദേഹത്തിന് അഭിന്ദനങ്ങൾ അർപ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.