Health

നിങ്ങള്‍ക്ക് ഗുരുതരമായ ഓര്‍മപ്പിശക് ഉണ്ടോ?

ജീവിതത്തില്‍ പലപ്പോഴും മറവികള്‍ സംഭവിക്കുന്നവരാണ് നമ്മള്‍.. എന്തുകൊണ്ടാണിങ്ങനെ മറവി സംഭവിക്കുന്നത്, ഇങ്ങനെയായാല്‍ എനിക്ക് മറവിരോഗമോ മറ്റോ ആയിത്തീരുമോ എന്ന് ആശങ്കപ്പെടുന്നവരും നമ്മുടെ ചുറ്റുമുണ്ട്. ഓര്‍മത്തകരാറുകള്‍ മൂലം നമുക്ക് ദൈനംദിനജീവിതത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുകയാണെങ്കില്‍ ഉറപ്പിച്ചോളൂ നമുക്ക് സംഭവിച്ച് കൊണ്ടിരിക്കുന്ന ഓര്‍മപ്പിശക് ഗുരുതരമായ അവസ്ഥയിലേക്കാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന്..

ഒരാള്‍ക്ക് കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിക്കാനോ, വാഹനം ഡ്രൈവ് ചെയ്യാനോ, ഒരു സുഹൃത്തുമായി സംസാരിക്കാനോ സാധിക്കാതെ വരിക എന്നിങ്ങനെയൊക്കെ ജീവിതത്തില്‍ സംഭവിക്കുന്നുവെങ്കില്‍, ഉറപ്പിക്കാം ഗുരുതരമായ ഓര്‍മ തകരാറുകളുടെ ചില ലക്ഷണങ്ങളാണ് അവയെന്ന്..

ഒരേ ചോദ്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും ചോദിക്കുക, അറിയാവുന്ന സ്ഥലങ്ങളില്‍ പോലും വഴി തെറ്റിപ്പോകുക, നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സാധിക്കാതെ വരിക, സമയം, സ്ഥലം, പരിചയക്കാരുടെ പേരുകള്‍ എന്നിവ ഓര്‍ത്തെടുക്കാന്‍ കഴിയാതെ വരിക, സ്വയം ശ്രദ്ധിക്കാതെ പോവുക, ആഹാരം ശരിയായി കഴിക്കാതിരിക്കുക, ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ മറക്കുക, സുരക്ഷിതമല്ലാത്ത രീതിയില്‍ പെരുമാറുക, അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുക തുടങ്ങി ഇത്തരത്തിലുള്ള എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണണം. ഓര്‍മ തകരാറിന്റെ കാരണം കണ്ടുപിടിക്കാന്‍ സാധിച്ചാല്‍ ചികിത്സയും എളുപ്പമാണ്.