International

‘അവർ വീട്ടിലിരുന്ന് പണിയെടുക്കട്ടെ’ വർക് ഫ്രം ഹോം സ്ഥിരപ്പെടുത്താൻ മൈക്രോസോഫ്റ്റ്

സ്ഥിരമായി സ്വന്തം വീടുകളിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം ജീവനക്കാർക്ക് നൽകാനൊരുങ്ങി മൈക്രോസോഫ്റ്റ്. സോഫ്റ്റ്‌വെയർ രംഗത്തെ ഭീമനായ മൈക്രോസോഫ്റ്റ് കോവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് നേരത്തെ തന്നെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യമൊരുക്കിയിരുന്നു.

എന്നാൽ തുടർന്നങ്ങോട്ടും താല്പര്യമുള്ളവർക്ക് സ്ഥിരമായി വർക് ഫ്രം ഹോം അടിസ്ഥാനത്തിൽ മുന്നോട്ട് പോകാൻ അവസരം നൽകുമെന്ന് കമ്പനി അറിയിച്ചതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ആരോഗ്യ പ്രതിസന്ധി രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ ഭൂരിഭാഗം മൈക്രോസോഫ്റ്റ് ജീവനക്കാരും വർക് ഫ്രം ഹോം ആണ് തെരഞ്ഞെടുത്തിരിക്കുന്നത്.

അടുത്ത വർഷം ജനുവരി വരെ യു.എസിലെ ഓഫീസുകൾ തുറക്കാൻ മൈക്രോസോഫ്റ്റ് ഉദ്ദേശിക്കുന്നില്ലെന്ന് ‘ദ വെർജ്’ റിപ്പോർട്ട് ചെയുന്നു. അതുകൊണ്ട് തന്നെ ജീവനക്കാർക്ക് അവരുടെ താമസസ്ഥലങ്ങളിൽ നിന്ന് സ്ഥിരമായി ജോലിചെയ്യാനുള്ള അവസരം ഒരുക്കുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ച. എന്നാൽ ഭൂരിഭാഗം ജീവനക്കാർ വർക്ക് ഫ്രം ഹോം തിരഞ്ഞെടുക്കുകയാണെങ്കിൽ കമ്പനിയ്ക്ക് ഓഫീസുകൾ ഒഴിവാക്കേണ്ടി വരും.

‘പുതിയ രീതിയിൽ ചിന്തിക്കാനും, ജീവിക്കാനും പ്രവർത്തിക്കാനും കോവിഡ് പശ്ചാത്തലം നമ്മളെല്ലാവരെയും പഠിപ്പിച്ചു. അതുപോലെ തന്നെ ബിസിനസ് താൽപര്യങ്ങൾക്കൊപ്പം ജീവനക്കാരുടെ താത്പര്യങ്ങൾക്കും കമ്പനി പ്രാധാന്യം നൽകുന്നുണ്ട്. കഴിയുന്നത്ര വ്യക്തിഗത വർക്ക്സ്റ്റൈലുകളെ പിന്തുണയ്ക്കുന്നതിനും ഞങ്ങളുടെ ഭാഗത്തു നിന്നുള്ള പിന്തുണയുണ്ടാകും ‘ മൈക്രോസോഫ്റ്റിന്റെ ചീഫ് പീപ്പിൾ ഓഫീസർ കാത്‌ലീൻ ഹൊഗാൻ ജീവനക്കാർക്ക് അയച്ച കുറിപ്പിൽ പറയുന്നു