പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന ട്രാക്ടര്‍ റാലി ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. പഞ്ചാബില്‍ നിന്ന് ഹരിയാനിലേക്കുള്ള റാലിക്കിടെയാണ് രാഹുലിനെ തടഞ്ഞത്.
‘ഞങ്ങളെ ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞു. പിന്നോട്ടില്ല. സന്തോഷത്തോടെ ഇവിടെ കാത്തുനില്‍ക്കും. ഒന്നല്ല, അഞ്ചല്ല, 24 അല്ല, 100 അല്ല, 1000 അല്ല, 5000 മണിക്കൂര്‍ കാത്തുനില്‍ക്കാന്‍ തയ്യാര്‍’- രാഹുല്‍ വ്യക്തമാക്കി.
നിരവധി പൊലീസുകാരെ ഹരിയാന അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നു. ബാരിക്കേഡുകളും സ്ഥാപിച്ചു. റാലി കടത്തിവിടും വരെ സമാധാനപരമായി അവിടെ തുടരുമെന്നാണ് രാഹുലിന്‍റെ നിലപാട്.
അതിനിടെ ട്രാക്ടറില്‍ ഇരിക്കാന്‍ താന്‍ കുഷ്യന്‍ ഉപയോഗിച്ചതിനെ വിമര്‍ശിച്ച ബിജെപി നേതാക്കള്‍ക്കും രാഹുല്‍ മറുപടി നല്‍കി. പ്രധാനമന്ത്രിയുടെ പുതിയ എയര്‍ ഇന്ത്യ വണ്‍ വിമാനം പരാമര്‍ശിച്ചാണ് രാഹുലിന്റെ മറുപടി. നികുതിപ്പണത്തില്‍ നിന്ന് 8000 കോടിയില്‍ അധികം രൂപ ഉപയോഗിച്ചാണ് എയര്‍ ഇന്ത്യ വണ്‍ വിമാനം വാങ്ങിയത്. അതില്‍ കുഷ്യന്‍ മാത്രമല്ല ആഡംബര കിടക്കകളുമുണ്ടെന്നും രാഹുല്‍ പറഞ്ഞു.
വി.വി.ഐ.പി. വിമാനം വാങ്ങാന്‍ ആയിരക്കണക്കിന് കോടി രൂപ പാഴാക്കിയതില്‍ പ്രധാനമന്ത്രിയെ രാഹുല്‍ വിമര്‍ശിച്ചു. അദ്ദേഹത്തിന്റെ സുഹൃത്ത് ട്രംപിന് ഒരു വി.വി.ഐ.പി വിമാനം ഉള്ളതു കൊണ്ടാണ് മോദിയും വാങ്ങിയതെന്ന് രാഹുല്‍ പരിഹസിച്ചു.