ഉത്തര്‍പ്രദേശില്‍, ഹഥ്റാസ് കൂട്ടബലാത്സംഗത്തിന്റെ പ്രതിഷേധത്തിന്റെ അലയൊലികള്‍ ഇനിയും നിലച്ചിട്ടില്ല. അതിനിടയിലാണ് ബല്‍റാംപുര്‍ കൂട്ട ബലാത്സംഗം ഉണ്ടായത്. കാലുകളും ഇടുപ്പെല്ലും തകര്‍ന്ന നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ ശരീരത്തില്‍ പ്രതികള്‍ വിഷം കുത്തിവെക്കുകയും ചെയ്തിരുന്നു. ഈ രണ്ട് സംഭവങ്ങളിലും പ്രതിഷേധം ഉയരുന്നതിനിടെയാണ് രാജ്യത്ത് വീണ്ടും അക്രമത്തില്‍ ദളിത് ബാലിക കൊല്ലപ്പെട്ടിരിക്കുന്നത്. 11 വയസ്സുള്ള പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇഷ്ടിക കൊണ്ട് പെണ്‍കുട്ടിയുടെ തല ഇടിച്ച് തകര്‍ത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ഉത്തര്‍പ്രദേശിലെ ഭദോനിയില്‍ വ്യാഴാഴ്ച വൈകീട്ടാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. വ്യാഴാഴ്ച 12.30 ഓടെയാണ് പെണ്‍കുട്ടി പ്രാഥമിക കൃത്യത്തിനായി പാടത്തേക്ക് പോയത്. തിരിച്ചുവരാന്‍ വൈകിയതോടെ വീട്ടുകാര്‍ അന്വേഷിച്ചുപോകുകയായിരുന്നു. മൂന്നു മണിയോടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്നാണ് വീട്ടുകാര്‍ അറിയിച്ചതെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ കുടുംബവുമായി കാലങ്ങളായി ശത്രുതയിലായിരുന്നവരാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായോ എന്ന് വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷമേ അക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂവെന്നും പോലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളും പെണ്‍കുട്ടിയുടെ ബന്ധുക്കളുമായ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. പിടിയിലായവര്‍ അച്ഛനും മകനുമാണ്. മകന് പ്രായപൂര്‍ത്തിയായിട്ടില്ല. പ്രതികളില്‍ മുതിര്‍ന്ന ആളെ കോടതിയില്‍ ഹാജരാക്കും. കൗമാരക്കാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഇഷ്ടികയുടെ കഷ്ണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.