രാജസ്ഥാന് റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം. 37 റണ്‍സിനാണ് രാജസ്ഥാനെ കൊല്‍ക്കത്ത തോല്പിച്ചത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 175 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. സഞ്ജു വി സാംസണടക്കമുള്ള രാജസ്ഥാന്റെ മുന്‍നിര തകര്‍ന്നതാണ് കൊല്‍ക്കത്തക്ക് നേട്ടമായത്. സഞ്ജു(8) സ്റ്റീവന്‍ സ്മിത്ത്(3) ജോസ് ബട്ട്ലര്‍(21) റോബിന് ഉത്തപ്പ(2) രാഹുല്‍ തിവാട്ടിയ (14) എന്നിവര്‍ പരാജയപ്പെട്ടു. 54 റണ്‍സെടുത്ത ടോം കരണ്‍ പൊരുതിയെങ്കിലും പിന്തുണക്കാനാളില്ലാതെ പോയി. കൊല്‍ക്കത്തക്ക് വേണ്ടി ശിവം മാവി വരുണ്‍ ചക്രവര്‍ത്തി കമലേഷ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
6 വിക്കറ്റ് നഷ്ടത്തില്‍ 174 എന്ന സ്കോറില്‍ കൊല്‍ക്കത്ത ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ സുനില്‍ നരേന് പതിവുപോലെ നൈറ്റ് റൈഡേഴ്സിന്റെ മെല്ലെപ്പോക്കിന് തുടക്കമിട്ടു. എന്നാല്‍ മറുവശത്ത് ശുബ്മാന് ഗില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. ഉനഡ്കടിന്റെ പന്തില്‍ ആദ്യം പുറത്തായത് സുനില്‍ നരേന് തന്നെയാണ്. ഗില്‍ 47 റണ്‍സെടുത്തു. പിന്നീടെത്തിയ നിതീഷ് റാണെയും ആന്ദ്രേ റസലും വെടിക്കെട്ടിന് തുടക്കമിടാന്‍ ശ്രമിച്ചെങ്കിലും വേഗത്തില്‍ തന്നെ പുറത്തായി. സഞ്ജു സാംസണിന്റെ മനോഹരമായ ഒരു ക്യാച്ചിലൂടെ പ്രതിരോധത്തിന് ശ്രമിച്ച കമ്മിന്‍സും പുറത്തായി.
പിന്നീട് അവസാന ഓവറുകളിലെ ഇയാന്‍ മോര്‍ഗന്റെ ബാറ്റിങ്ങാണ് കെ.കെ.ആറിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. മോര്ഗന് 34 റണ്‍സെടുത്തു. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത ജോഫ്ര ആര്‍ച്ചര്‍ രാജസ്ഥാന് ബൌളിങ് നിരയില്‍ തിളങ്ങി. രണ്ട് മത്സരങ്ങള്‍ കളിച്ച കൊല്‍ക്കത്ത ഒരു വിജയവും ഒരു പരാജയവുമായി ആറാം സ്ഥാനത്താണ്.