എസ്.പി.ബിയെന്നാല്‍ സംഗീതമായിരുന്നു. പാട്ട് പാടുവാന്‍ വേണ്ടി മാത്രം ഭൂമിയില്‍ ജനിച്ചൊരാള്‍.. കാതുകളെ മയക്കുന്ന മാന്ത്രിക ശബ്ദം കൊണ്ട് അദ്ദേഹം മനസുകളെ കെട്ടിയിട്ടു. മാതൃഭാഷയായ തെലുങ്കില്‍ മാത്രമല്ല, തമിഴ്, ഹിന്ദി,മലയാളം..അങ്ങിനെ ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലും എസ്.പി.ബി പാടി.
ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂൺ 4-നാണ് എസ്.പി.ബി. ജനിച്ചത്. അദ്ദേഹത്തിന്‍റെ പിതാവ് അന്തരിച്ച എസ്. പി. സംബമൂർത്തി നാടകങ്ങളിലും അഭിനയിച്ചിരുന്ന ഒരു ഹരികഥാ കലാകാരനായിരുന്നു. 2019 ഫെബ്രുവരി 4 ന് അന്തരിച്ച ശകുന്തളാമ്മയായിരുന്നു മാതാവ്. കുട്ടിക്കാലത്ത് തന്നെ സംഗീതത്തോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും മകനെ എന്‍ജിനിയറാക്കാനായിരുന്നു പിതാവിന്‍റെ ആഗ്രഹം. പക്ഷെ എസ്.പി.ബിയിലെ ഗായകന്‍ അടങ്ങിയിരുന്നില്ല. ആലാപന മത്സരങ്ങളിൽ നല്ല ഗായകനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
1966-ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിൽ പാടികൊണ്ടാണ്.എസ്.പി.ബി സിനിമാ ലോകത്തേക്ക് എത്തുന്നത്. അതിനു ശേഷം ഇതുവരെ അദ്ദേഹം 39000 ലധികം ഗാനങ്ങൾ പതിനൊന്നോളം ഇന്ത്യൻ ഭാഷകളിലായി പാടിയിട്ടുണ്ട്. ഇതിൽ തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് അദ്ദേഹം കൂടുതൽ പാടിയിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് തമിഴിലാണ്. ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ സംഗീതസംവിധായകരും അദ്ദേഹത്തെ ഉപയോഗിച്ച് ഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ചലച്ചിത്രം പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് ലോകറെക്കോർഡ് എസ്.പി.ബി ക്ക് സ്വന്തമാണ്.