ചെറിയൊരിടവേളക്ക് ശേഷം കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചെങ്കിലും ഓടുന്നത് നഷ്ടത്തില്‍ തന്നെ. കോവിഡ് പശ്ചാത്തലത്തില്‍ സര്‍വീസ് നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് 34.18 കോടിയുടെ നഷ്ടമാണ് കെഎംആര്‍എല്ലിനുണ്ടായത്. മെട്രോയില്‍ കയറാന്‍ പഴയ പോലെ യാത്രക്കാരില്ലാത്തതും തിരിച്ചടിയായി.
ലോക്ഡൌണ് പ്രഖ്യാപിച്ചതിന് ശേഷം മാര്‍ച്ച് 25 മുതല്‍ സെപ്തംബര്‍ ആറുവരെയാണ് കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചത്. ഇത് മെട്രോയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു എന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍. അഞ്ച് മാസത്തിനിടെ 34.18 കോടിയുടെ നഷ്ടമാണ് കെഎംആര്എല്ലിനുണ്ടായി. സര്‍വീസ് നടത്തിയില്ലെങ്കിലും 25 ട്രെയിനുകളുടെയും ട്രാക്കിന്റെയും കാര്യക്ഷമത നിലനിര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ ചെലവ് വന്നു. ഒപ്പം ജീവനക്കാര്‍ക്ക് ശമ്പളം നല്കല് ഉള്‍പ്പെടെ ഭരിച്ച ബാധ്യതയാണ് ഉണ്ടായത്. ട്രെയിനുകളുടെ എണ്ണം കുറച്ച് സെപ്തംബര്‍ ഏഴിനാണ് മെട്രോ സര്‍വീസ് പുനരാരംഭിച്ചത്. കോവിഡ് കാരണം ബസ് സര്‍വീസ് കുറഞ്ഞതിനാല്‍ സ്ഥിരം യാത്രക്കാര്‍ക്ക് പുറമെ മറ്റ് യാത്രക്കാരും മെട്രോ സര്‍വീസിനെ ആശ്രയിച്ച് തുടങ്ങി. പക്ഷേ കോവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാല്‍ എല്ലാ യാത്രക്കാരെയും ഉള്‍ക്കൊളളാന്‍ കൊച്ചി മെട്രോക്കായില്ല.
കോവിഡിന് മുന്‍പ് പ്രതിദിനം ഏകദേശം 60000 യാത്രക്കാര്‍ മെട്രോയെ ആശ്രയിച്ചിരുന്നു. എന്നാലിപ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ ഒരു ട്രെയിനില്‍ 150 യാത്രക്കാര്‍ക്ക് മാത്രമേ കയറാനാകൂ. സര്‍വീസുകളുടെ എണ്ണം അധികമാക്കി യാത്രക്കാരെ കൂട്ടാനുളള ശ്രമം ആരംഭിച്ചിട്ടുണ്ട്. വരും മാസങ്ങളില്‍ യാത്രക്കാര്‍ അധികമെത്തിയാല് പ്രവര്‍ത്തന ചെലവ് കുറക്കാനാകുമെന്ന വിശ്വാസത്തിലാണ് മെട്രോ അധികൃതര്‍. ഒപ്പം ഹ്രസ്വകാലത്ത് നേരിട്ട ഈ നഷ്ടം സര്‍ക്കാര്‍ സഹായത്തോടെ നികത്താനാകുമെന്നാണ് കെ.എം.ആര്.എല്ലിന്റെ പ്രതീക്ഷ.