Kerala

കാസര്‍കോട് കോവിഡ് വ്യാപനം അതി തീവ്രമാകുന്നതായി ജില്ല മെഡിക്കല്‍ ഓഫീസര്‍

കാസര്‍കോട് ജില്ലയില്‍ കോവിഡ് വ്യാപനം അതി തീവ്രമാകുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍. കാസര്‍കോട് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് നിരക്കാണ്. ജില്ലയില്‍ മരണനിരക്കും വര്‍ദ്ധിക്കുന്നു. ഇത് വരെ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചവരുടെ എണ്ണം 64 ആയി. ദിവസേന രോഗികളുടെ എണ്ണവും മരണ നിരക്കും വർദ്ധിക്കുന്പോഴും തീവ്ര കോവിഡ് രോഗികളുടെ ചികിത്സക്ക് ഇനിയും ജില്ലയിൽ സംവിധാനം ഒരുക്കിയിട്ടില്ല.

ലോക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ കാസര്‍കോട് ജില്ലയില്‍ സന്പര്‍ക്ക വ്യാപന കേസുകള്‍ വര്‍ദ്ധിക്കുകയാണ്. വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 319 പേരില്‍ 290 കേസുകളും സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്. നഗര,ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് ആശങ്ക ഉണര്‍ത്തുന്നുണ്ട്. ജില്ലയില്‍ ദിവസേന ഒന്നില്‍ കൂടുതല്‍ കോവിഡ് മരണങ്ങളും ഉണ്ടാവുന്നു.

ഇത് വരെ 64 പേരാണ് കോവിഡ‍് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. വരും ദിവസങ്ങളിലും രോഗ വ്യാപനം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. ദിവസേന രോഗികളുടെ എണ്ണവും മരണ നിരക്കും വർദ്ധിക്കുമ്പോഴും ജില്ലയിൽ തീവ്ര രോഗികളെ ചികിത്സിക്കാനുള്ള സവിധാനം ഒരുക്കിയിട്ടില്ല. മെഡിക്കൽ കോളേജ് അക്കാഡമിക്ക് ബ്ലോക്ക് കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചെങ്കിലും തീവ്ര രോഗികളെ ചികിത്സിക്കാനുള്ള ഐസിയുപോലും ഇത് വരെ ഒരുക്കാനായില്ല.

ടാറ്റയുടെ കോവിഡ് ആശുപത്രി ഉദ്ഘാടനം ചെയ്തതല്ലാതെ പ്രവർത്തനവും തുടങ്ങാനായില്ല. കാഞ്ഞങ്ങാട്ടെ ജില്ല ആശുപത്രി കോവിഡ് ആശുപത്രിയാക്കാനുള്ള നിർദ്ദേശമാണ് ജില്ല മെഡിക്കൽ ഓഫീസിൽ നിന്നും നൽകിയത്. ജില്ല ആശുപത്രി കോവിഡ് ആശുപത്രിയാവുന്നതോടെ കോവിഡ് ഇതര രോഗികൾ ഏറെ പ്രയാസത്തിലാവും. ജില്ലയിൽ രോഗവ്യാപന നിരക്ക് കുത്തനെ ഉയരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുമ്പോഴും മതിയായ ചികിത്സ സൌകര്യമൊരുക്കാൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല.