India National

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 97,570 പേർക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ആകെ രോഗികൾ 46 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 97,570 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,201 പേരാണ് 24 മണിക്കൂറിനിടെ രോഗബാധിച്ച് മരിച്ചത്.

ആശങ്കയുടെ കണക്കുകളിലേക്കാണ് പ്രതിദിന കൊവിഡ് കേസുകൾ ഉയരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 97,570 കേസുകൾ. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്ക്. ആകെ രോഗികൾ 46,59,985 ഉം ഇതുവരെ ജീവൻ നഷ്ടപ്പെട്ടത് 77,472 പേർക്കുമാണ്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക , അടക്കം ഒൻപത് സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമാണ്. കേരളം, ഹരിയാന, പശ്ചിമബംഗാൾ, ഡൽഹി , ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും കേസുകളുടെ എണ്ണം വർധിക്കുന്നു.

24 മണിക്കൂറിനിടെ 81,533 പേർ രോഗമുക്തി നേടി. രോഗവ്യാപനം തീവ്രമായി അഞ്ച് സംസ്ഥാനങ്ങളിൽ തന്നെയാണ് രോഗമുക്തി നിരക്കും കൂടുതൽ. ദേശീയ ശരാശരിയിൽ രോഗമുക്തി നിരക്ക് 77 .7 ശതമാനമായി. മരണനിരക്ക് 1.6 ശതമാനവും. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണവും രോഗമുക്തി നേടിയവരുടെ എണ്ണവും തമ്മിൽ അന്തരം വർധിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച നാലിൽ മൂന്ന് പേരും രോഗ മുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതിനിടെ ഐസിഎംആർ സഹകരണത്തോടെ മരുന്നു പരീക്ഷണം നടത്തുന്ന ഭാരത് ബയോടെക് മൃഗങ്ങൾ നടത്തിയ പരീക്ഷണം വിജയകരമാണെന്ന് കമ്പനി അറിയിച്ചു.