സൗദിയിൽ സ്ത്രീകളെ രാത്രി കാല ജോലികളിൽ നിയമിക്കുന്നതിന് ഭാഗികമായ നിയന്ത്രണമുണ്ടായിരുന്നു
സൗദിയിൽ സ്ത്രീകള്‍ക്ക് ഇനി മുതല്‍ രാത്രിയിലും ജോലി ചെയ്യാം. സ്ത്രീകളുടെ ജോലി സംബന്ധിച്ച് കൂടുതല്‍ ഇളവുകള്‍ നല്കുന്ന തൊഴില്‍ നിയമം മന്ത്രിസഭ അംഗീകരിച്ചു. തൊഴിലിടങ്ങളില്‍ വേണ്ട സുരക്ഷയോടെ സ്ത്രീകള്‍ക്ക് രാത്രിയിലും ഇനി ജോലി ചെയ്യാം.
സൗദിയിൽ സ്ത്രീകളെ രാത്രി കാല ജോലികളിൽ നിയമിക്കുന്നതിന് ഭാഗികമായ നിയന്ത്രണമുണ്ടായിരുന്നു. അപകടം നിറഞ്ഞതും, ഹാനികരവുമായ ജോലികൾ ചെയ്യുന്നതിന് സ്ത്രീകൾക്ക് അനുവാദമുണ്ടായിരുന്നില്ല. പുതിയ ഉത്തരവ് പ്രകാരം സ്ത്രീകള്‍ക്ക് രാത്രിയില്‍ തുറക്കുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യാം. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതംഗീകരിച്ചത്. ഇതിനായി തൊഴിൽ നിയമത്തിലെ വകുപ്പുകൾ റദ്ദാക്കി. വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കും വിധം തൊഴിൽ വകുപ്പുകൾ ഭേദഗതി ചെയ്തു. പുതിയ മാറ്റമനുസരിച്ച് ഇനി മുതൽ സ്ത്രീകൾക്ക് രാത്രിയിലും ജോലി ചെയ്യാം. കൂടാതെ ഖനികളിലും ക്വാറികളിലും ജോലി ചെയ്യാനും അനുമതിയുണ്ട്. അതേ സമയം പതിനെട്ട് വയസ്സ് തികയാത്ത സ്ത്രീക്കും പുരുഷനും ഇത്തരം ജോലികൾ ചെയ്യാൻ അനുവാദമില്ല. അപകടം നിറഞ്ഞതും ഹാനികരമായതുമായ ജോലികൾ ഏതെന്ന് ഇനി തൊഴില്‍ മന്ത്രാലയം തീരുമാനിക്കും. സ്ത്രീകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് നിയമിക്കുവാൻ പാടില്ലാത്ത തൊഴിലുകളും മന്ത്രാലയമാണ് തീരുമാനിക്കുക.