മൊറട്ടോറിയം കാലയളവിലെ പലിശയും പിഴപലിശയും ഒഴിവാക്കണമെന്ന ഹര്‍ജികള്‍ പരിഗണിക്കവേ, കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. കേന്ദ്രം കൃത്യമായ നിലപാട് വ്യക്തമാക്കണമെന്നും, റിസര്‍വ് ബാങ്കിന് പിന്നില്‍ ഒളിക്കാനാകില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. കേന്ദ്രം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണമുണ്ടായ പ്രശ്‌നങ്ങളാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
മൊറട്ടോറിയം കാലത്തെ പലിശയും പിഴപലിശയും ഒഴിവാക്കണമെന്ന ആവശ്യത്തില്‍ എന്തുകൊണ്ടാണ് കൃത്യമായ നിലപാട് വ്യക്തമാക്കാത്തതെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞു. കേസ് അനന്തമായി നീളുകയാണ്. കേന്ദ്രസര്‍ക്കാരിന് റിസര്‍വ് ബാങ്കിന്റെ പിന്നില്‍ ഒളിക്കാനാകില്ല. കേന്ദ്രം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണമുണ്ടായ പ്രശ്‌നമാണ്. വാണിജ്യ-വ്യാപാര കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരാ, ജനങ്ങളുടെ അവസ്ഥയും പരിഗണിക്കണമെന്ന് നിരീക്ഷിച്ചു. ഓഗസ്റ്റ് 31 ഓടെ നിലപാട് വ്യക്തമാക്കണം. സെപ്റ്റംബര്‍ ഒന്നിന് ഹര്‍ജികള്‍ വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കി. ഉപഭോക്താവിന് ആനുകൂല്യം നല്‍കാന്‍ കഴിയുമോയെന്ന് ബാങ്കുകള്‍ പരിശോധിക്കണമെന്ന് നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു.