ജനങ്ങള്‍ സ്വയം മുൻകരുതൽ നടപടികള്‍ സ്വീകരിക്കുകയും ജില്ലാ ഭരണകൂടവുമായി സഹകരിക്കുകയും ചെയ്യണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു
തിരുവനന്തപുരം ജില്ലയില്‍ അടുത്ത മൂന്നാഴ്ച കോവിഡ് വ്യാപനം കുത്തനെ വര്‍ധിക്കാന്‍ സാധ്യതയെന്ന് ജില്ലാ ഭരണകൂടം. പ്രതിരോധം ശക്തമാക്കാനായി പ്രത്യേത ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. തലസ്ഥാന ജില്ലയില്‍ രോഗം സ്ഥിരീകരിച്ചതില്‍ 95 ശതമാനംപേര്‍ക്കും സമ്പര്‍ക്കംമൂലമാണ് കോവിഡ് ബാധിച്ചത്.
ജില്ലയെ അഞ്ച് മേഖലകളായി തിരിച്ച് പ്രതിരോധ പ്രവര്‍ത്തനം നടത്തും. രോഗലക്ഷണമുള്ളത് 15 ശതമാനം പേര്‍ക്ക് മാത്രമാണെന്നും സാമൂഹ്യ വ്യാപനം തടയാനായി കര്‍മ്മ പദ്ധതി തയ്യാറാക്കുമെന്നും കലക്ടര്‍ നവ്ജ്യോത് ഖോസ വ്യക്തമാക്കി.
തീവ്ര രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാൽ പ്രത്യേക കര്‍മ്മ പദ്ധതി തയാറാക്കിയതായും കളക്ടർ വിശദീകരിച്ചു. ജനങ്ങള്‍ സ്വയം മുൻകരുതൽ നടപടികള്‍ സ്വീകരിക്കുകയും ജില്ലാ ഭരണകൂടവുമായി സഹകരിക്കുകയും ചെയ്യണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.
നിലവില്‍ 29 ക്ലസ്റ്ററുകളുണ്ട്. 14 എണ്ണത്തില്‍ നൂറില്‍ അധികം രോഗികളുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി. സന്നദ്ധപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രതിദിന രോഗികളുടെ എണ്ണം നിയന്ത്രണ വിധേയമാക്കുക, നിലവിൽ രോഗബാധ ഇല്ലാത്ത പ്രദേശങ്ങളിൽ രോഗവ്യാപനം തടയുക, മരണ നിരക്ക് കുറയ്ക്കുക എന്നിവയിലൂന്നിയാകും പ്രവര്‍ത്തനങ്ങളെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.