സ്വിട്സർലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈറ്റ് ഇൻ ലൈഫ് എന്ന ജീവകാരുണ്യ സംഘടനയും, കൊച്ചി തിരുവഞ്ചൂരിലെ കൊച്ചി റിഫൈനറി സ്കൂളും സംയുകതമായി, അർഹതപ്പെട്ട ഒരു നിർദ്ധന കുടുംബത്ത്തിനു വേണ്ടി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം, ജൂലൈ 12 നു നടന്ന ലളിതമായ ചടങ്ങിൽ BPCL (KR ) എക്സിക്യൂട്ടീവ് ഡയറക്റ്റർ ശ്രീ. മുരളി മാധവൻ നിർവഹിച്ചു. തിരുവഞ്ചൂർ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. K.C.പൗലോസ്, സ്കൂൾ ബോർഡ് ചെയർമാൻ ശ്രീ. കുര്യൻ പി.ആലപ്പാട്ട്, വാർഡ് മെമ്പർ ശ്രീ.ഐ.വി. ഷാജി, പ്രിൻസിപ്പൾ ശ്രീമതി മാല.ബി.മേനോൻ, PTA പ്രസിഡണ്ട് ശ്രീ. അജിത് കുമാർ എന്നിവരും സന്നിഹിതരായിരുന്നു. കോവിഡ് 19 മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകൾ.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും യുവജന വിദ്യാഭ്യാസ രംഗത്തും സജീവമായി പ്രവർത്തിക്കുന്ന ലൈറ്റ് ഇൻ ലൈഫ് ഇതിനോടകം നൂറിലധികം കുടുംബങ്ങൾക്ക് സ്വന്തമായി വീടുകളും മൂന്നു സ്കൂളുകളും നിർമ്മിച്ച് നൽകിയത് കൂടാതെ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ‘ലൈറ്റ് ഫോർ ചൈൽഡ്‘ പദ്ധതി വഴി വർഷംതോറും ഇരുനൂറ്റിഅൻപതിൽപരം കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസ സഹായവും പ്രൊഫഷണൽ കോഴ്സുകൾക്കുള്ള ഉപരിപഠന സഹായങ്ങളും നൽകിവരുന്നു. ഈ വര്ഷം ഓണസമ്മാനമായി നിർധനരായ മൂന്നു കുടുംബൾക്കുള്ള വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. വീടുകൾ തിരുവോണത്തിന് മുൻപ് ഈ കുടുംബങ്ങൾക്ക് കൈമാറും.
ലൈറ്റ് ഇൻ ലൈഫ് (സ്വിറ്റ്സർലൻഡ്) കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭാരതത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, ജീവകാരുണ്യ പ്രവർത്തനങ്ങളിലും യുവജന വിദ്യാഭ്യാസ രംഗത്തും സജീവമാണ്. ഈ പ്രദേശങ്ങളിൽ മിഷനറി പ്രവർത്തനം നടത്തുന്ന MSFS സന്യാസ സമൂഹമാണ് ലൈറ്റ് ഇൻ ലൈഫിനെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച്, ഫലപ്രദമായി നടപ്പാക്കാൻ സഹായിക്കുന്നത്. ഇതോടൊപ്പം ഉള്ള ചിത്രങ്ങൾ, ഈ കൊറോണ മഹാമാരിയുടെ കാലത്ത്, ഗോഹാട്ടിയിലും പരിസര പ്രദേശങ്ങളിലും MSFS ന്റെ സന്നദ്ധ പ്രവർത്തകർ, നിരാലംബരായ ആളുകൾക്ക് സഹായം എത്തിച്ചു കൊടുക്കുന്നതിന്റെ നേർ കാഴ്ചകളാണ്.