നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ റീ എന്‍ട്രി കാലാവധി നീട്ടി നല്‍കുമെന്ന് സൗദി ജവാസാത്ത് വിഭാഗം അറിയിച്ചു. നാട്ടില്‍ പോകാന്‍ എക്സിറ്റ് അടിച്ച് വിമാനം ലഭിക്കാത്തത് കാരണം കാലാവധി അവസാനിക്കുന്ന എക്സിറ്റ് വിസാ കാലാവധിയും നീട്ടി നല്‍കും. വിമാന സര്‍വീസുകള്‍ ഉടന്‍ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് സൗദിയിലും നാട്ടിലുമുള്ള പ്രവാസികള്‍.
നാട്ടില്‍ പോയി വിമാന സര്‍വീസ് ഇല്ലാത്തത് കാരണം പലരുടേയും റീ എന്‍ട്രി വിസാ കാലാവധി അവസാനിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഒരു ചോദ്യത്തിന് മറുപടിയായി ട്വിറ്ററില്‍ ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിലേക്ക് മടങ്ങാനുള്ള റീ എന്‍ട്രി വിസയുടെ കാലാവധി നീട്ടി നല്‍കും. ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. ഇതോടെ വിമാന സര്‍വീസ് തുടങ്ങുന്ന മുറക്ക് ആളുകള്‍ക്ക് സൗദിയിലേക്ക് തിരിച്ചെത്താം.
കമ്പനികളുടെ മുഖീം പോര്‍ട്ടല്‍ വഴിയും റീ എന്‍ട്രി നീട്ടാന്‍ സൗകര്യമുണ്ട്. നാട്ടിലേക്ക് പോകാനുള്ള എക്സിറ്റ് അടിച്ചവരുടെ വിസാ കാലാവധി അവസാനിക്കുന്നുണ്ടെങ്കില്‍ അതും നീട്ടി നല്‍കും. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം വരും ദിനങ്ങളിലുണ്ടാകും. ഇഖാമ കാലാവധി തീരുന്നവരുടെ കാര്യത്തിലും അനുഭാവ പൂര്‍ണമായ നടപടിയുണ്ടാകുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.