International

അതിര്‍ത്തിയില്‍ നിന്ന് പിന്‍വാങ്ങാതെ ചൈന; തിരിച്ചടി നല്‍കണമെന്ന് പ്രതിപക്ഷം

ഇന്ത്യ – ചൈന സമാധാന നടപടികളില്‍ ചര്‍ച്ചകള്‍ മാത്രമാണ് പുരോഗമിക്കുന്നത്.

ഇന്ത്യ – ചൈന അതിർത്തിയിലെ സേനാ പിന്മാറ്റം നിലച്ച സ്ഥിതിയില്‍. പാങ്കോങ് സോ, ദപ്സാങ് എന്നീ മേഖലകളില്‍ നിന്നും പിന്‍വാങ്ങാന്‍ ചൈന തയ്യാറായിട്ടില്ല. വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആന്‍റ് കോർഡിനേഷന്‍ യോഗത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല.

ഇന്ത്യ – ചൈന സമാധാന നടപടികളില്‍ ചര്‍ച്ചകള്‍ മാത്രമാണ് പുരോഗമിക്കുന്നത്. വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആന്റ് കോർഡിനേഷന്‍ നാല് തവണയും കമാന്‍ണ്ടര്‍ തല ചർച്ച അഞ്ച് തവണയും നടന്നു. ഇതിന് പുറമെ ഉന്നത ഉദ്യോഗസ്ഥതല ചർച്ച, സുരക്ഷ ഉപദേഷ്ടാക്കള്‍ തമ്മിലെ ചർച്ച എന്നിവയും നടന്നു.

എന്നാല്‍ അതിർത്തിയിലെ തന്ത്രപ്രധാന മേഖലകളില്‍ ഒരു മാറ്റവും കൊണ്ടുവരാനായില്ല. ആദ്യ ഘട്ട ചർച്ചക്ക് പിന്നാലെ ഗോഗ്ര, ഹോട്ട് പ്രിങ്സ് എന്നിവിടങ്ങളില്‍ നിന്നും ചൈന പിന്മാറിയിരുന്നു. എന്നാല്‍ പാങ്കോങ് സോ, ദപ്സാങ് എനീ പ്രധാന മേഖലകളില്‍ നിന്നും പിന്‍വാങ്ങാന്‍ ചൈന തയ്യാറല്ല. തുടർ നടപടികൾക്ക് ഏപ്രിൽ 20ന് മുൻപുള്ള സാഹചര്യത്തിലേക്ക് അതിർത്തിയെ മടക്കി കൊണ്ടുവരണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

പ്രശ്നങ്ങള്‍ വേഗം പരിഹരിക്കും, ചർച്ചകള്‍ തുടരും, ആത്മാർത്ഥവും ആഴത്തിലുള്ളതുമായ അഭിപ്രായ കൈമാറ്റം നടന്നു എന്നിങ്ങനെ മാത്രമാണ് ഡബ്ല്യുഎംസിസി യോഗ ശേഷം വിദേശകാര്യ മന്ത്രാലത്തിന്റ പ്രതികരണം. എന്നാല്‍ ചൈനയുടെ കയ്യേറ്റത്തിന് ശക്തമായ തിരിച്ചടി നല്‍കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.