Kerala

നാളെ അത്തം: തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഇത്തവണയില്ല

കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തൃപ്പൂണിത്തുറ നഗരസഭ കൗണ്‍സിലിന്‍റെ തീരുമാനം

ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഇത്തവണയില്ല. കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തൃപ്പൂണിത്തുറ നഗരസഭ കൗണ്‍സിലിന്‍റെ തീരുമാനം. നാളെയാണ് അത്തം.

കൊച്ചി രാജഭരണകാലത്ത് നടന്നിരുന്ന അത്തച്ചമയത്തിന്‍റെ സ്മരണകളുയര്‍ത്തിയാണ് വര്‍ണ്ണശബളമായ ഘോഷയാത്ര നടന്നിരുന്നത്. പതിനായിരങ്ങളാണ് അത്തം ഘോഷയാത്ര കാണാന്‍ എക്കാലവും തൃപ്പൂണിത്തുറയിൽ എത്താറുള്ളത്. 2018ല്‍ പ്രളയത്തെ തുടര്‍ന്ന് അത്താഘോഷ പരിപാടികള്‍ ചുരുക്കിയിരുന്നു. എന്നാല്‍ ഘോഷയാത്ര പതിവുപോലെ നടന്നിരുന്നു. ഇത്തവണ കോവിഡ് വീണ്ടും പ്രതീക്ഷ തെറ്റിച്ചു. രോഗവ്യാപനസാഹചര്യത്തില്‍ അത്തം ആഘോഷങ്ങളും ഒഴിവാക്കണമെന്ന് ആരോഗ്യ വിഭാഗം നിര്‍ദ്ദേശിച്ചിരുന്നു.

തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിവരാറുള്ള മറ്റ് ആഘോഷ പരിപാടികളും ഇത്തവണ ഉണ്ടാകില്ല. എന്നാൽ ഓണാഘോഷത്തിന്‍റെ ഭാഗമായി അത്തം നാളായ 22 ന് രാവിലെ 9 ന് തൃപ്പൂണിത്തുറ ഗവണ്‍മെന്‍റ് ബോയ്‌സ് സ്‌കൂള്‍ മൈതാനിയില്‍ അത്തപ്പതാക ഉയര്‍ത്തും.

എം. സ്വരാജ് എംഎല്‍എയാണ് അത്തപ്പതാക ഉയര്‍ത്തുന്നത്. ഹില്‍പ്പാലസില്‍ കൊച്ചി രാജകുടുംബാംഗങ്ങളില്‍ നിന്ന് നാളെ നഗരസഭാ അധികൃതര്‍ അത്തപ്പതാക ഏറ്റുവാങ്ങും.