International

പശ്ചിമേശ്യയിലെ സമുദ്ര സുരക്ഷാ ദൗത്യത്തിന്‍റെ നേതൃത്വം സൗദിക്ക്

മുപ്പത്തിമൂന്ന് രാജ്യങ്ങളടങ്ങുന്ന കൂട്ടായ്മക്ക് കീഴിലുള്ള സംയോജിത ടാസ്‌ക് ഫോഴ്‌സിന്റെ നേതൃചുമതലയാണ് വീണ്ടും സൗദി അറേബ്യക്ക് ലഭിച്ചത്.

പശ്ചിമേശ്യയിലെ സമുദ്ര സുരക്ഷാ ദൗത്യത്തിന്റെ നേതൃത്വം ഏറ്റെടുത്ത് സൗദി നാവികേ സേന. മുപ്പത്തിമൂന്ന് രാജ്യങ്ങളടങ്ങുന്ന കൂട്ടായ്മക്ക് കീഴിലുള്ള സംയോജിത ടാസ്‌ക് ഫോഴ്‌സിന്റെ നേതൃചുമതലയാണ് വീണ്ടും സൗദി അറേബ്യക്ക് ലഭിച്ചത്. ഫ്രഞ്ച് നാവിക സേനയില്‍ നിന്നാണ് ദൗത്യം ഏറ്റെടുത്തത്. ഇത് രണ്ടാം തവണയാണ് സൗദി അറേബ്യ നേതൃത്വം ഏറ്റെടുക്കുന്നത്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ ചാലുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ സുരക്ഷാ ചുമതലക്കാണ് സൗദി നാവിക സേന നേതൃത്വം നല്‍കുക. കപ്പലുകളുടെ സുഗമമായ യാത്ര ഉറപ്പ് വരുത്തുക, കടല്‍ കൊള്ളകളില്‍ നിന്ന് കപ്പലുകളെയും ജീവനക്കാരെയും സംരക്ഷിക്കുക, കള്ളകടത്തുകളും നിരോധിത ചരക്കുകളുടെ കടത്തുകളും തടയുക, പരിസ്ഥിതി നാശം തടയുക തുടങ്ങി ഒട്ടേറെ സുപ്രധാനമായ സുരക്ഷാ ദൗത്യമാണ് സംയുക്ത സേന നടത്തി വരുന്നത്. ചെങ്കടല്‍, ഏദന്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം, ഒമാന്‍ ഉള്‍ക്കടല്‍ എന്നിവ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ സുരക്ഷാ ചുമതലക്കാണ് ഇനി സൗദി അറേബ്യന്‍ നാവിക സേന നേതൃത്വം നല്‍കുക.

മുപ്പത്തിമൂന്ന് അംഗ രാജ്യങ്ങളുടെ സംയോജിത കൂട്ടായ്മയിലാണ് ഈ പ്രദേശത്തിന്റെ സുരക്ഷാ ദൗത്യം നിര്‍വ്വഹിച്ചു വരുന്നത്. ഫ്രഞ്ച് നാവിക സേനയില്‍ നിന്നാണ് നേതൃസ്ഥാനം വീണ്ടും സൗദി അറേബ്യ ഏറ്റെടുത്തത്. 2018ലാണ് ആദ്യമായി സൗദി നേതൃ സ്ഥാനത്തേക്ക് എത്തിയത്. അന്ന് ബ്രിട്ടീഷ് റോയല്‍ നേവിയില്‍ നിന്നാണ് ദൗത്യം സൗദി ഏറ്റെടുത്തത്.