Kerala

കൊവിഡ് സെല്ലിൽ വിളിച്ച് ആംബുലൻസ് എത്തിയത് 4 മണിക്കൂർ വൈകി; ആശുപത്രിയിൽ എത്തും മുൻപ് രോഗി മരിച്ചു

കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂർ പായം സ്വദേശി കാപ്പാടൻ ശശിധരൻ ആണ് മരിച്ചത്. അർബുദബാധിതനായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കൊവിഡ് സെല്ലിൽ വിളിച്ചെങ്കിലും ആംബുലൻസ് വൈകിയാണ് എത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അർബുദത്തിന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശശിധരൻ. ഇതിനിടെ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്നാണ് ശശിധരനും കൂട്ടിരിപ്പുകാരും ക്വാറന്റീനിലായത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ശശിധരന്റെ ആരോഗ്യ സ്ഥിതി മോശമായി. കൊവിഡ് സെല്ലിൽ വിളിച്ച് ആംബുലൻസ് വേണമെന്ന് പറഞ്ഞെങ്കിലും നിലവിൽ ലഭ്യമല്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു. നാല് മണിക്കൂർ വൈകി പതിനൊന്ന് മണിയോടെയാണ് ആംബുലൻസ് എത്തിയത്. ജില്ലാ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ ശശിധരൻ മരണത്തിന് കീഴടങ്ങി.

മരണം സംഭവിച്ചതിന് ശേഷവും ശശിധരന്റെ മൃതദേഹം മണിക്കൂറുകളോളം ആംബുലൻസിൽ കിടത്തുന്ന സാഹചര്യമുണ്ടായി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും പൊതിഞ്ഞ് വീട്ടിൽ കൊണ്ടുപോകാനായിരുന്നു നിർദേശം. ബന്ധുക്കളും ആംബുലൻസ് ഡ്രൈവറും നിർബന്ധിച്ചതോടെയാണ് മൃതദേഹം പൊതിയാനും മോർച്ചറിയിലേക്ക് മാറ്റാനും ആശുപത്രി അധികൃതർ തയ്യാറായത്. സംഭവം വിവാദമായിട്ടുണ്ട്.