എന്തും വിളിച്ചുപറയാമെന്നും ഏത് നിന്ദ്യമായ നിലയും സ്വീകരിക്കാമെന്നും കരുതരുത്. കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി കാര്യങ്ങൾ വരട്ടെ
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്തു കേസുമായി തന്നെ ബന്ധിപ്പിക്കാൻ എത്ര അധ്വാനിച്ചാലും നടക്കില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. താൻ മുഖ്യമന്ത്രി കസേര ഒഴിയണമെന്നാണ് ചിലർ ആഗ്രഹിക്കുന്നത്. അതിന് മാധ്യമങ്ങൾ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാര്ത്തകളെ പ്രത്യേക രീതിയിൽ വ്യാഖ്യാനിച്ച് നാടിന്റെ ബോധം മാറ്റി ഉപചാപക സംഘത്തിന്റെ വക്താക്കളായി മാധ്യമങ്ങൾ മാറുകയാണ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് പറയുന്നത്. എന്തും വിളിച്ചുപറയാമെന്നും ഏത് നിന്ദ്യമായ നിലയും സ്വീകരിക്കാമെന്നും കരുതരുത്. കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി കാര്യങ്ങൾ വരട്ടെ. കുറച്ച് ദിവസങ്ങൾക്കുള്ളിൽ കാര്യങ്ങൾ സ്വഭാവികമായി പുറത്തുവരും. ആരുടെയൊക്കെ നെഞ്ചിടിപ്പ് കൂടുന്നുവെന്ന് അപ്പോൾ കാണാം. താൻ വെള്ളം കുടിക്കേണ്ടിവരുമെന്നാണ് കരുതന്നതെങ്കിൽ അത് മനസിൽ വച്ചാൽ മതിയെന്നും മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു.
ഇടുക്കി രാജമലയിൽ മലയിടിച്ചിലിൽപ്പെട്ടു മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രാജമലയിൽ പുലർച്ചെയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴയെ തുടർന്ന് വൈദ്യുതി, വാർത്താവിനിമയ ബന്ധം തടസ്സപ്പെട്ടു. അതിനാൽ ദുരന്തം പുറംലോകമറിയാൻ താമസമുണ്ടായി. ഇവിടേക്കുള്ള പാലം ഒലിച്ചു പോയത് രക്ഷാപ്രവർത്തകർക്ക് എത്താൻ ബുദ്ധിമുട്ടുണ്ടാക്കി.