International

ചൈനയിൽ പുതിയ വൈറസ്: പരത്തുന്നത് ചെള്ള്; ഇതുവരെ മരിച്ചത് 7 പേര്‍

മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരാനുള്ള സാധ്യത ഉള്ളതിനാൽ ജാഗ്രത വേണമെന്ന് സർക്കാർ മാധ്യമം മുന്നറിയിപ്പ് നൽകി.

കോവിഡിന്‍റെ ഭീതി ഇനിയും ഒഴിയാത്ത ചൈനയിൽ ആശങ്ക ഉയർത്തി പുതിയ വൈറസ്. ഒരു തരം ചെള്ള് കടിക്കുന്നതുമൂലമുണ്ടാകുന്ന വൈറസ് ബാധയെ തുടര്‍ന്ന് ഇവിടെ 7 പേര്‍ മരിച്ചതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് അറുപതോളം പേർക്ക് രോഗം റിപ്പോർട്ട് ചെയ്തതായാണ് വിവരം. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരാനുള്ള സാധ്യത ഉള്ളതിനാൽ ജാഗ്രത വേണമെന്ന് സർക്കാർ മാധ്യമം മുന്നറിയിപ്പ് നൽകി. കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ മുപ്പത്തിയേഴിലധികം പേർക്ക് ജൂണിൽ ഈ വൈറസ് ബാധിച്ചതായും പിന്നീട് അൻഹൂയി പ്രവിശ്യയിലെ 23 പേർ കൂടി രോഗബാധിതരായെന്നും റിപ്പോർട്ടുണ്ട്.

ജിയാങ്‌സുവിന്‍റെ തലസ്ഥാനമായ നാൻജിങ്ങിലെ വാങ് എന്ന സ്ത്രീയ്ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇവർക്ക് പനിയും ചുമയും ആയിരുന്നു. ഇവരുടെ രക്തത്തിലെ പ്ലേറ്റ്‌ലറ്റിന്‍റെയും ല്യൂക്കോസൈറ്റിന്‍റെയും കൗണ്ട് കുറയുന്നതായി കണ്ടു. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം വാങ് ആശുപത്രി വിട്ടെങ്കിലും ആൻ ഹ്യുയിലെയും ഷെജി യാങ്ങിലെയും ഏഴുപേരാണ് പിന്നീട് ഈ വൈറസ് മൂലം മരണപ്പെട്ടത്.

രക്തത്തിലൂടെയും കഫത്തിലൂടെയും രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് വൈറസ് വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഡോക്ടർമാർ നല്‍കുന്ന മുന്നറിയിപ്പ്. ചെള്ളിന്‍റെ കടിയേൽക്കുന്നതാണ് രോഗബാധക്കുള്ള പ്രധാന കാരണം. ജനങ്ങൾ ജാഗ്രത പാലിക്കുന്നിടത്തോളം പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.

കന്നുകാലികൾ, ആടുകൾ, കുതിരകൾ, പന്നികൾ തുടങ്ങിയ മൃഗങ്ങളിലും ഈ വൈറസിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.