ദശകങ്ങൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന്റെ ആദ്യ പടിയായുള്ള ഭൂമിപൂജ നടന്നു കഴിഞ്ഞു. മൂന്ന് വർഷത്തിനകം ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ക്ഷേത്രം അയോധ്യയിൽ ഉയരും. എന്നാൽ ലോകത്തെ ഏറ്റവും വലിയ ക്ഷേത്രം ഏതാണെന്ന് അറിയുമോ ? ലോകത്തെ ഏറ്റവും വലിയ ക്ഷേത്രം എന്നു മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ ആരാധനാലയവും ഈ ക്ഷേത്രം തന്നെയാണ്….പേര് അംഗോർ വാത്.
12-ാം നൂറ്റാണ്ടിലാണ് അംഗോർ വാത് പണികഴിപ്പിച്ചത്. കമ്പോഡിയയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1992ൽ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംനേടിയ ക്ഷേത്രമാണ് അംഗോർ വാത്.
ക്ഷേത്രങ്ങളുടെ നഗരം എന്നാണ് അംഗോർ വാത് എന്ന പദത്തിന്റെ അർത്ഥം. 1850 ൽ കമ്പോഡിയൻ പതാകയിലും അംഗോർ വാതിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. 203 ഏക്കറിലാണ് ശരിക്കും ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതിൽ ക്ഷേത്രവും, രാജകൊട്ടാരവും, ക്ഷേത്ര നഗരവും ഉൾപ്പെടും.
എന്നാൽ അന്ന് പണികഴിപ്പിച്ച ആ വലിയ മതിൽ ഇല്ലാതായതോടെ ക്ഷേത്ര നഗരമെല്ലാം കമ്പോഡിയയുടെ മറ്റ് ഭാഗങ്ങളോട് ലയിച്ചു. ഇന്ന് 400 ചതുരശ്ര കിലോമീറ്റർ മാത്രമാണ് ക്ഷേത്രത്തിന്റെ പ്രദേശം.
പടിഞ്ഞാറ് ആമുഖമായാണ് ക്ഷേത്രം പണി കഴിപ്പിച്ചിരിക്കുന്നക്ഷേത്രത്തിലെ പ്രതിഷ്ഠ വിഷ്ണു ഭഗവാനാണ്. ബുദ്ധമത സന്യാസികൾ ഇന്നും ഈ ക്ഷേത്രത്തിൽ മുടങ്ങാതെ വരാറുണ്ട്.
ക്ഷേത്രത്തിലെ നിർമിതിയെ കുറിച്ചും ഇന്നും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ട്. അതിൽ ഒന്ന് ക്ഷേത്രത്തിൽ സിമന്റ് ഉപയോഗിച്ചിട്ടില്ല എന്നതാണ്. സിമന്റിന് പകരം പച്ചക്കറിയുടെ ഒരു മിശ്രിതമാണ് ഉപയോഗിച്ചിരിക്കുന്നത്.
അഞ്ച് മില്യൺ ടൺ പാറകളാണ് ക്ഷേത്രം പണിയാനായി ഉപയോഗിച്ചിരിക്കുന്നത്. ക്ഷേത്രം പണി കഴിപ്പിക്കുന്ന സമയത്ത് മെഷീനുകളൊന്നും കണ്ടുപിടിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ 3 ലക്ഷം തൊഴിലാളികളും ആയിരം ആനകളും ചേർന്നാണ് ക്ഷേത്രം നിർമിച്ചതെന്ന് പറയപ്പെടുന്നു. ക്ലാസിക് ഖ്മേർ ശൈലിയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. ക്ഷേത്രത്തിന്റെ ചരിത്രം വിളിച്ചോതുന്നതാണ് ക്ഷേത്ര മതിൽക്കെട്ടിലെ ഓരോ ചിത്രപ്പണിയും.
അംഗോർ വാത്തിൽ 200 ചിരിക്കുന്ന മുഖങ്ങളുണ്ട്. ഈ മുഖങ്ങൾക്ക് മുമ്പിൽ നിന്ന് പ്രാർത്ഥിക്കുന്നത് ഐശ്വര്യം നൽകുമെന്നാണ് വിശ്വാസം.
ലോകത്തെ മഹാത്ഭുതങ്ങളുടെ പരിഗണനാ പട്ടികയിൽ ഇടം നേടിയെങ്കിലും മഹാത്ഭുതമായി ഇതുവരെ യുനെസ്കോ അംഗോർ വാത്തിനെ പ്രഖ്യാപിച്ചിട്ടില്ല.