Kerala

കോവിഡ്; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍

കണ്ടയ്ന്‍മെന്‍റ് സോണുകള്‍ മാര്‍ക്ക് ചെയ്യാനുള്ള അധികാരം ഇനി മുതല്‍ പൊലീസിനായിരിക്കും. കോവിഡ് പ്രതിരോധത്തില്‍ അലംഭാവം ഉണ്ടായതാണ് രോഗവ്യാപനം രൂക്ഷമാകാന്‍ കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി. കണ്ടയ്ന്‍മെന്‍റ് സോണുകള്‍ മാര്‍ക്ക് ചെയ്യാനുള്ള അധികാരം ഇനി മുതല്‍ പൊലീസിനായിരിക്കും. കോവിഡ് പ്രതിരോധത്തില്‍ അലംഭാവം ഉണ്ടായതാണ് രോഗവ്യാപനം രൂക്ഷമാകാന്‍ കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവില്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നത് വാര്‍ഡോ ഡിവിഷനോ അടിസ്ഥാനപ്പെടുത്തിയാണ്. ഇതില്‍ മാറ്റം വരുകയാണ്. പോസിറ്റീവ് ആയ ആളുടെ പ്രൈമറി, സെക്കന്ററി കോണ്ടാക്ടുകള്‍ കണ്ടെത്തിയാല്‍ അവര്‍ താമസിക്കുന്ന സ്ഥലവും കണ്ടയ്ന്‍മെന്‍റ് സോണാക്കും. ഈ മേഖലകളില്‍ നിയന്ത്രങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരം നല്‍കി.

24 മണിക്കൂറിനുള്ളില്‍ കോണ്‍ടാക്ട് കണ്ടെത്തണം. സാമൂഹ്യഅകലം, ക്വാറന്റൈന്‍ എന്നിവ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. സാധനം കടയില്‍ നിന്ന് വീട്ടില്‍ എത്തിക്കും. ഇപ്പോഴത്തെ അവസ്ഥക്ക് കാരണം അലംഭാവമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, അതിന് കാരണമായി പ്രതിപക്ഷത്തിന്റെ നടപടികളെയാണ് പരോക്ഷമായി വിമര്‍ശിച്ചത്. കോവിഡിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ ജോലി ചെയ്യാതെ വീട്ടിലിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.