Uncategorized

‘ബോധരഹിതനാക്കി കിണറ്റിൽ തള്ളി, നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ല’; മത്തായിയുടെ മരണത്തിൽ സഹോദരൻ

പത്തനംതിട്ട കുടപ്പനയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ മരണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കുടുംബം. മത്തായിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതാണെന്ന് സഹോദരൻ ആരോപിച്ചു. നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നും സഹോദരൻ പറഞ്ഞു.

മത്തായിയെ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. കാര്യം ചോദിച്ച അമ്മയെ ഉദ്യോഗസ്ഥർ പിടിച്ചു തള്ളി. സംഭവം നടന്ന സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ തലേ ദിവസം തന്നെ എത്തിയിരുന്നു. കാര്യങ്ങൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് നടന്നത്. മത്തായിയെ കാട്ടിൽ കൊണ്ടുപോയി ഉദ്യോഗസ്ഥർ മർദിച്ചു. ബോധരഹിതനായതോടെ കിണറ്റിൽ തള്ളുകയായിരുന്നു. കസ്റ്റഡിയിൽ ഉള്ള ആൾ എങ്ങനെയാണ് കിണറ്റിൽ വീഴുന്നത്? കുറച്ച് സമയം കൊണ്ട് ഒരാൾ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുമോയെന്നും സഹോദരൻ ചോദിക്കുന്നു.

മത്തായിയുടെ മൃതദേഹം മോർച്ചറിയിലാണ്. മൃതദേഹം സംസ്‌കരിക്കാൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ ആവശ്യപ്പെടുന്നുണ്ട്. സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവരെ എന്ന് അറസ്റ്റ് ചെയ്യുന്നോ അന്ന് മാത്രമേ മൃതദേഹം സംസ്‌കരിക്കൂ. ഒന്നോ രണ്ടോ മാസമോ ഒരു വർഷമെടുത്താലും നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ല. അന്വേഷണത്തിൽ തൃപ്തിയില്ലെന്നും മത്തായിയുടെ സഹോദരൻ കൂട്ടിച്ചേർത്തു.