Kerala

വനം വകുപ്പ് കസറ്റഡിയിലെടുത്ത മത്തായിയുടെ ദുരൂഹ മരണം; പൊലീസ് അന്വേഷണം ആരംഭിച്ചു

വനം വകുപ്പ് കസറ്റഡിയിലെടുത്ത മത്തായിയുടെ ദുരൂഹ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നർക്കൊട്ടിക് സെൽ ഡിവൈഎസ്പി ആർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘം ഇന്നലെ വൈകിട്ട് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ മൊഴി രേഖപ്പെടുത്തി.

പത്തനംതിട്ട ചിറ്റാർ സ്വദേശി മത്തായിയുടെ ദുരൂഹ മരണത്തിൽ, പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്ന ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തും. മത്തായിയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചിരുന്നു.

എന്നാൽ, ചൊവ്വാഴ്ച നടന്ന സംഭവത്തിൽ ഇന്നലെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അതുകൊണ്ട് തന്നെ പൊലീസ് നടപടിയിലും നാട്ടുകാർ ദുരൂഹത ആരോപിക്കുന്നുണ്ട്. മത്തായി മരിച്ച സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഉൾപ്പെടെ 7 വനം വകുപ്പ് ഉദ്യോഗസ്ഥർ നിർബന്ധിത അവധിയിലാണ്. ഇതിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. മറ്റ് ഉദ്യേഗസ്ഥരുടെ മൊഴി വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. കൂടാതെ ഫോറസ്റ്റ് സ്റ്റേഷനിലെ ജിഡി ബുക്കും അന്വേഷണ സംഘം പരിശോധിച്ചു. ചൊവ്വാഴ്ചയാണ് ക്യാമറ നശിപ്പിച്ചുവെന്നാരോപിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ, കസ്റ്റഡിയിലെടുത്ത മത്തായിയെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണത്തിന് പുറമേ വനം വകുപ്പും കേസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ പോസ്റ്റ് മോർട്ടം നടപടികൾക്കായി മത്തായിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.