International

”തൊലിയുടെ നിറം നോക്കിയാണ് ട്രംപ് ആളുകളോട് പെരുമാറുന്നത്”; രൂക്ഷ വിമര്‍ശനവുമായി ജോ ബൈഡന്‍

ഇത്തരത്തില്‍ ജനങ്ങളെ ചേരിതിരിക്കുന്നത് രാജ്യത്തെത്തന്നെ രണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഇത് ഒരിക്കലും ഒന്നിപ്പിക്കലല്ല, ഭിന്നിപ്പിക്കലാണ്

വൈറ്റ് ഹൌസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വംശീയ വിരോധിയായ പ്രസിഡന്‍റാണ് ഡോണള്‍ഡ് ട്രംപെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായേക്കാവുന്ന ജോ ബൈഡന്‍. കൊറോണ വൈറസിന്‍റെ പേരില്‍ ട്രംപ് ഏഷ്യന്‍ വംശജരെ നിരന്തരം വേട്ടയാടുന്നുവെന്ന് ഒരു ആരോഗ്യ പ്രവര്‍ത്തക പറഞ്ഞതിന് മറുപടിയായാണ് ജോ ബൈഡന്‍ ഇങ്ങനെ പറഞ്ഞത്. സെര്‍വീസ് എംപ്ലോയീസ് ഇന്‍റര്‍ണാഷണല്‍ യൂണിയന്‍ സംഘടിപ്പിച്ച ഒരു വെര്‍ച്വല്‍ മീറ്റിങ്ങിലാണ് ഈ സംവാദം ഉയര്‍ന്നത്.

ട്രംപ് കോവിഡിനെ ചൈന വൈറസ് എന്ന് നിരന്തരം വിളിക്കുന്നു. അതുപോലെത്തന്നെയാണ് ആളുകളുടെ നിറവും, ജനിച്ച സ്ഥലവും, രാജ്യവും കണക്കിലെടുത്താണ് ജനങ്ങളോട് അദ്ദേഹം പെരുമാറുന്നത്. ഇത് തികച്ചും അസഹനീയമാണ്. ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു പ്രസിഡന്‍റും ഇങ്ങനെ ചെയ്തിട്ടില്ല. ഒരു റിപ്പബ്ലിക്കനും ഇങ്ങനെയാവാന്‍ സാധിക്കില്ല. ഇത്തരത്തില്‍ ജനങ്ങളെ ചേരിതിരിക്കുന്നത് രാജ്യത്തെത്തന്നെ രണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഇത് ഒരിക്കലും ഒന്നിപ്പിക്കലല്ല, ഭിന്നിപ്പിക്കലാണ്. ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് അമേരിക്ക. 42 ലക്ഷത്തിലധികം പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായത്. ഇതില്‍ 12 ലക്ഷം പേര്‍ക്ക് രോഗമുക്തി ലഭിക്കുകയും 1.45 ലക്ഷത്തിലധികം ആളുകള്‍ മരിക്കുകയും ചെയ്തു.