തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകള്‍ (സിഎഫ്എല്‍ടിസി) സജ്ജീകരിക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി
തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകള്‍ (സിഎഫ്എല്‍ടിസി) സജ്ജീകരിക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജൂലായ് 19 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തൊട്ടാകെ 187 സിഎഫ്എല്‍ടിസികള്‍ തയ്യാറായിക്കഴിഞ്ഞുവെന്നും ഇവയില്‍ 20,404 കിടക്കകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് ടെസ്റ്റ് പോസിറ്റീവാകുകയും എല്ലാ പ്രകടമായ രോഗലക്ഷണം ഇല്ലാത്തവരുമായ രോഗികളെ ഇവിടെ കിടത്തി ചികിത്സിക്കും. 305 ഡോക്ടര്‍മാരെയും 505 നഴ്സുമാരെയും 62 ഫാര്‍മസിസ്റ്റുകളെയും 27 ലാബ് ടെക്നീഷ്യന്മാരെയും ജൂലായ് 19നുള്ളില്‍ സിഎഫ്എല്‍ടിസികളുടെ പ്രവര്‍ത്തന ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്. 742 സിഎഫ്എല്‍ടിസികള്‍കൂടി ജൂലായ് 23നകം തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ അവയിലെ ആകെ കിടക്കകളുടെ എണ്ണം 69215 ആയി ഉയരും.
ഇത്തരം കേന്ദ്രങ്ങളിലെല്ലാം രാവിലെ മുതല്‍ വൈകീട്ടുവരെ ഔട്ട് പേഷ്യന്റ് വിഭാഗം (ഒ.പി) നടത്താനുള്ള സൗകര്യമുണ്ടാകും. ടെലി മെഡിസിന് വേണ്ടിയുള്ള ലാന്‍ഡ് ലൈനും ഇന്റര്‍നെറ്റ് കണക്ഷനും ഉറപ്പാക്കും. ഓരോ കേന്ദ്രത്തിലും ആംബുലന്‍സുകള്‍ ഉറപ്പാക്കും. ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ബാത്ത്റൂം സൗകര്യമുള്ള പ്രത്യേക മുറി ലഭ്യമാക്കും. വെള്ളം, വൈദ്യുതി, ഭക്ഷണം എന്നിവ മുടങ്ങാതെ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കും. ഫ്രണ്ട് ഓഫീസ്, ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടിങ് മുറി, നഴ്സിങ് സ്റ്റേഷന്, ഫാര്‍മസി, സ്റ്റോര്‍, ഒബ്സര്‍വേഷന്‍ റൂം എന്നിവയെല്ലാം ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റുകളിലുണ്ടാവും. മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനവും സെമി പെര്‍മനന്റ് ടോയ്ലറ്റുകളില് ഇവയില്‍ ഏര്‍പ്പെടുത്തും.
കോവിഡ് ടെസ്റ്റ് പോസിറ്റീവാകുകയും എല്ലാ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെയും നിലവിലെ സാഹചര്യത്തില്‍ കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് കൊണ്ടുപോകേണ്ടിവരും. രോഗലക്ഷണങ്ങള്‍ ഇല്ലാതെതന്നെ രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയുണ്ട്. സമൂഹവ്യാപന സാധ്യതയും മുന്നില്‍ കാണേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ രോഗലക്ഷണം ഇല്ലെങ്കില്‍പ്പോലും ടെസ്റ്റ് പോസിറ്റീവായവരെ മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ഉചിതം. അതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. കോവിഡ് ടെസ്റ്റ് നെഗറ്റീവാകുന്ന മുറയ്ക്ക് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ കഴിയുന്നവരെ തിരികെ വീട്ടിലെത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.