Kerala

രാമായണ മാസാചരണത്തിന് തുടക്കം കുറിച്ച് കർക്കിടകം പിറന്നു; ഇക്കുറി ക്ഷേത്രങ്ങളിൽ രാമായണ പാരായണങ്ങൾ ഇല്ല

ഇന്ന് കർക്കടകം ഒന്ന്. രാമായണ മാസാചരണത്തിന്റെ തുടക്കം കൂടിയാണ് കർക്കടക പിറവി. വിശ്വാസത്തിന്റയും ജീവിതചര്യയുടെയും കൂടിചേരലാണ് മലയാളിക്ക് ഈ മാസം. മലയാള വർഷത്തിന്റെ അവസാന മാസമാണ് കർക്കിടകം. ഈ മാസത്തിന് വിശ്വാസത്തിന്റെ പരിവേഷം നൽകി തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ രചിച്ച അധ്യാത്മ രാമായണം കിളിപ്പാട്ട് വിശ്വാസികൾ വീടുകളിൽ വായിക്കും. പഴമയൊട്ടും ചോരാതെ. രാമായണ മന്ത്രങ്ങൾ മുഴങ്ങുന്ന മനസ്സുമായി ഒരു മാസക്കാലം പ്രാർത്ഥനാ നിരതമാകുന്ന നിമിഷങ്ങൾ…

സാധാരണഗതിയിൽ ഈ ഒരു മാസക്കാലം വിവിധ പരിപാടികളോട് ക്ഷേത്രങ്ങളിൽ രാമായണ മാസാചരണം നടക്കേണ്ടതാണ്. എന്നാൽ കൊവിഡ് ഭീഷണിയെ തുടർന്ന് ഇക്കുറി ക്ഷേത്രങ്ങളിൽ രാമായണ പാരായണങ്ങൾ ഉണ്ടാകില്ല.

നാലമ്പല യാത്രയാണ് രാമായണ മാസത്തിലെ മറ്റൊരു പ്രധാന ഘടകം. ദശരഥപുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്‌നൻ എന്നിവരുടെ ക്ഷേത്രങ്ങളിലേക്ക് നടത്തുന്ന തീർത്ഥാടനമാണ് നാലമ്പല യാത്ര. ഒരു ദിവസം കൊണ്ട് രാമ ലക്ഷ്മണ ഭരത ശത്രുഘ്‌നൻമാരെ വണങ്ങിയാൽ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. കർക്കിടമാസത്തിലെ ദുരിതത്തിൽ നിന്നും രോഗപീഡകളിൽ നിന്നും രക്ഷ നേടനാവും എന്നതാണ് ഈ തീർഥയാത്രയുടെ ഗുണഫലം. ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്‌നൻ എന്നീ ക്രമത്തിൽ ഒരേ ദിവസം തന്നെ വേണം ദർശനം നടത്തേണ്ടത്. കൊവിഡ് കാലമായതിനാൽ നാലമ്പല യാത്രയും ഇക്കുറി ഉണ്ടാകില്ല.